മോദി ധ്യാനത്തിലാണ്; ധ്യാനമോ പത്രസമ്മേളനമോ എന്ന് സോഷ്യല്‍ മീഡിയ; ചിരി പടര്‍ത്തി മോദിയുടെ ‘ഡിജിറ്റല്‍ ധ്യാനം’

Jaihind Webdesk
Saturday, May 18, 2019

പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ പത്രസമ്മേളനത്തില്‍ ഒരക്ഷരം മിണ്ടാതിരുന്നതിന് പിന്നാലെ കേദാര്‍നാഥ് ക്ഷേത്രത്തിലെ ഗുഹയില്‍ മൗനപ്രാര്‍ത്ഥനയിലാണിപ്പോള്‍ നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലെത്തിയ പ്രധാനമന്ത്രി, കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചു. കേദാര്‍നാഥ് ക്ഷേത്രത്തിനടുത്തുള്ള ഗുഹയില്‍ തപസിരിക്കുന്ന മോദിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

ഗുഹയ്ക്കുള്ളില്‍ കട്ടിലിന് മുകളില്‍ മൂടിപ്പുതച്ചിരുന്ന് ധ്യാനിക്കുന്ന മോദിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഗുഹയ്ക്കുള്ളിലും മോദിക്കൊപ്പം ക്യാമറയുണ്ടെന്നതാണ് സമൂഹമാധ്യങ്ങളില്‍ ചിരി പടര്‍ത്തുന്നത്. ഗുഹയ്ക്കുള്ളില്‍ ധ്യാനിക്കുമ്പോഴും ക്യാമറയെ കൈവിടാന്‍ മോദി തയാറായില്ല. കഴിഞ്ഞദിവസം നടത്തിയ ‘മൂകപത്രസമ്മേളന’ത്തിന് ശേഷം മോദിയുടെ ധ്യാനത്തിന്‍റെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിക്ക് വഴിയൊരുക്കുന്നത്.

‘ഭാര്യയെ ഉപേക്ഷിക്കാം, പക്ഷേ ക്യാമറ ഇല്ലാതെ എനിക്ക് ഒരു മണിക്കൂര്‍ പോലും ജീവിക്കാനാവില്ല’ എന്നായിരുന്നു ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ഒരാളുടെ കമന്‍റ്. ഇത് ധ്യാനമാണോ അതോ മറ്റൊരു പത്രസമ്മേളനമാണോ എന്നും ചിലര്‍ ചോദിക്കുന്നു. ക്ഷേത്രത്തിനുള്ളില്‍ ക്യാമറ നിരോധിച്ചിരിക്കുമ്പോള്‍ മോദിജി എങ്ങനെ തന്‍റെ ഡിജിറ്റല്‍ ക്യാമറ കൊണ്ടു പോയെന്നും പരിഹാസമുയരുന്നു. എന്തായാലും മോദിയുടെ ഡിജിറ്റല്‍ ധ്യാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണിപ്പോള്‍.

അന്തിമഘട്ട പ്രചാരണ പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചയോടെയാണ് പ്രധാനമന്ത്രി ജോളിഗ്രാന്തി എയര്‍പോര്‍ട്ടിലെത്തിയത്. കേദാര്‍നാഥിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ പുലര്‍ച്ചെയോടെ അദ്ദേഹം ബദ്രിനാഥിലേക്ക് തിരിക്കുക. ഞായാറാഴ്ച രാത്രിയോടെ  ഉത്തരാഖണ്ഡ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഡല്‍ഹിയില്‍ തിരിച്ചെത്തും.