ന്യൂഡല്‍ഹി : നരേന്ദ്ര മോദിയുടെ പെരുമാറ്റം ഒരു പ്രധാനമന്ത്രിയുടെ നിലവാരത്തിന് ചേർന്ന രീതിയലല്ലെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ ട്യൂബ് ലൈറ്റ് പരാമർശവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
‘സാധാരണഗതിയിൽ, ഒരു പ്രധാനമന്ത്രിക്ക് ഒരു പ്രത്യേക പദവി ഉണ്ട്. പ്രധാനമന്ത്രിയുടെ പെരുമാറ്റം മികച്ചതാവണം, നിശ്ചിത നിലവാരം പുലർത്തണം. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിക്ക് ഇതൊന്നും തന്നെയില്ല. അദ്ദേഹം ഒരു പ്രധാനമന്ത്രിക്ക് ചേർന്ന രീതിയിലല്ല പെരുമാറുന്നത്’ – രാഹുല്‍ ഗാന്ധി പറഞ്ഞു.
തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആറ് മാസം കഴിഞ്ഞാല്‍ മോദിക്ക് പുറത്തിറങ്ങാനാവില്ലെന്നും യുവാക്കള്‍ അദ്ദേഹത്തെ വടികൊണ്ട് തല്ലുമെന്നും രാഹുല്‍ ഗാന്ധി സഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പാർലമെന്റില്‍ തന്റെ പ്രസംഗത്തില്‍ തൊഴിലില്ലായ്മയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാന്‍ പ്രധാനമന്ത്രി തയാറായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രധാനമന്ത്രി വിവാദമായ ‘ട്യൂബ് ലൈറ്റ്’ പരാമർശം നടത്തിയത്.
രാജ്യത്തെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദി സർക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലും തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും ബി.ജെ.പി സർക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഇതില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മോദി വാചകക്കസർത്ത് നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.