കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ഹൈക്കോടതി. സിബിഎസ്ഇ ഫലം വന്നിട്ടില്ലാത്തതിനാൽ അവസരം നഷ്ടപ്പെടാതിരിക്കാൻ സമയം നീട്ടി നൽകണം എന്ന വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
സിബിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി നാളെ മൂന്ന് മണിക്ക് വീണ്ടും പരിഗണിക്കും. അതുവരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്. എന്നാൽ പ്ലസ് വണ്‍ പ്രവേശനത്തിനായി കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. സിബിഎസ്ഇ പരീക്ഷാ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലിമെന്‍ററി അലോട്ട്മെന്‍റില്‍ അവസരമൊരുക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സിബിഎസ്ഇ പരീക്ഷാ ഫലം ഈ മാസം അവസാനത്തോടെ പുറത്തുവരുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചിട്ടുള്ളത്. പരീക്ഷകൾ പൂർത്തിയാകാൻ ജൂൺ 15 വരെ സമയം എടുത്തതിനാലാണ് ഫലപ്രഖ്യാപനം വൈകുന്നത്. അതേസമയം ഫലപ്രഖ്യാപനത്തിന് കാലതാമസം ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര മന്ത്രിയുടെ നിലപാട്.