‘കേരള കോൺഗ്രസിനായി കാത്തിരിക്കുന്നില്ല’; യുഡിഎഫിന്റെ കരുത്ത് തെളിയിക്കാൻ മറ്റാരും വേണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Jaihind News Bureau
Sunday, January 18, 2026

കേരള കോൺഗ്രസ് (എം) സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ യുഡിഎഫിന്റെ മുന്നേറ്റത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കേരള കോൺഗ്രസ് മുന്നണിയിലേക്ക് വരുമെന്ന കാര്യത്തിൽ യുഡിഎഫ് വലിയ പ്രതീക്ഷകളൊന്നും വെച്ചുപുലർത്തുന്നില്ലെന്നും, അത്തരമൊരു പിന്തുണയില്ലാതെ തന്നെ മികച്ച വിജയം നേടാനാകുമെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചതായും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫിന്റെ 110 സീറ്റ് എന്ന ലക്ഷ്യത്തെ കേരള കോൺഗ്രസിന്റെ അഭാവം ബാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുന്നണിയുടെ നയങ്ങളോടും ആശയങ്ങളോടും വിയോജിപ്പില്ലാത്ത ആർക്കും യുഡിഎഫിലേക്ക് വരാമെന്നത് ഒരു പൊതു നിലപാടാണ്. കേരള കോൺഗ്രസിനോട് ആശയപരമായ വിയോജിപ്പുകൾ നിലവിലില്ല. എന്നാൽ അവർ നിലവിൽ മറ്റൊരു മുന്നണിയുടെ ഭാഗമാണ്. അതിനാൽ തന്നെ മുന്നണി മാറ്റത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് അവരാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച് നിലവിൽ ഔദ്യോഗികമായ ചർച്ചകളൊന്നും നടക്കുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം തട്ടകങ്ങളിൽ പോലും കേരള കോൺഗ്രസ് പരാജയപ്പെട്ട സാഹചര്യത്തിൽ, അവർ ഇടതുമുന്നണിയിൽ തുടരുമോ എന്ന ചർച്ചകൾ സ്വാഭാവികമാണ്. എന്നാൽ അത്തരം ചർച്ചകൾക്ക് യുഡിഎഫ് മുൻകൈ എടുത്തിട്ടില്ല. നിലവിൽ മികച്ച വിജയവുമായി മുന്നോട്ട് പോകുന്ന യുഡിഎഫിന് അത്തരം നീക്കങ്ങളുടെ ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.