ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; നടപടി എടുക്കാത്തതില്‍ ദുരൂഹതയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി

Jaihind News Bureau
Wednesday, July 15, 2020

 

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ നടപടി എടുക്കാത്തതില്‍ ദുരൂഹതയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നടപടി ഇല്ലാത്തത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ആരോപണത്തിന് ശക്തിപകരുന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണ്ണക്കടത്ത് കേസില്‍ ഗൗരവതാരമായ ബന്ധമുണ്ട്. നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയതിനേക്കാൾ പ്രധാനം കള്ളക്കടത്തുകാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് സഹായം ചെയ്തു കൊടുത്തു എന്നതാണ്. താത്കാലിക ജീവനക്കാരിക്ക് എല്ലാ സഹായവും മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തു കൊടുത്തു.  അതിന് ഉത്തരവാദി പ്രിൻസിപ്പൽ സെക്രട്ടറി ആണെങ്കിൽ നടപടി എടുക്കേണ്ട സമയം കഴിഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി രാജിവെച്ചുള്ള അന്വേഷണമാണ് യുഡിഎഫ് അവശ്യപ്പെടുന്നത്. പൊലീസ് സഹായത്തോടെയാണ് സ്വപ്ന സുരേഷ് ബാംഗ്ലൂരിലേക്ക് കടന്നത്. പ്രതികളുടെ ജാതകം നോക്കി രക്ഷപ്പെടാൻ ശ്രമിച്ചതാണ് തന്‍റെ ബന്ധു ആരോപണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.