പാര്‍ട്ടിയും സര്‍ക്കാരും ഒരു പോലെ ആരോപണശരങ്ങളിലും വിവാദ ചുഴികളിലും ആടി ഉലയുന്നതിനിടയിലാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടി ഉയര്‍ന്നത്. വിവിധ ജില്ലകളിലെ പാര്‍ട്ടിയുടെ രക്തസാക്ഷി കേന്ദ്രങ്ങളില്‍ നിന്ന് പ്രയാണമാരംഭിച്ച കൊടിമര പതാക ദീപശിഖ ജാഥകള്‍ പൊതുസമ്മേളന വേദിയായ കൊല്ലം ആശ്രമം മൈതാനത്ത് സംഗമിച്ചു.തുടര്‍ന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തി . നാളെ രാവിലെ സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രത്യയശാസ്ത്ര കടുംപിടുത്തത്തില്‍ നിന്ന് പാടെ അയഞ്ഞ് നയം മാറ്റത്തിന്റെ പുതിയ പ്രത്യയശാസ്ത്രം രൂപപ്പെടുത്തുവാനുള്ള ചര്‍ച്ചകളാകും ഇക്കുറി സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രധാനമായും നടക്കുക. .പ്രായപരിധിയൊന്നും ബാധകമല്ലാതെ പാര്‍ട്ടിയിലും സര്‍ക്കാരിലും സമ്പൂര്‍ണ്ണ ആധിപത്യം തുടരുന്ന പിണറായിവിജയന്‍ തന്നെയാകും നയം മാറ്റത്തിന്റെ പുതിയ രേഖ സമ്മേളനത്തില്‍ അവതരിപ്പിക്കുക. സി പി എമ്മിന്റെ പ്രത്യയശാസ്ത്ര നിലപാടുകളെ മറികടക്കുന്ന നയംമാറ്റരേഖ എറണാകുളം സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്‍ ആദ്യം അവതരിപ്പിച്ചത്. പ്രത്യയശാസ്ത്ര കടുംപിടുത്തങ്ങളില്‍ നിന്ന് വഴിമാറി സ്വകാര്യ മൂലധന നിക്ഷേപം,സ്വകാര്യ സര്‍വകലാശാല തുടങ്ങിയ നയമാറ്റങ്ങള്‍ ഇക്കൂട്ടത്തില്‍ പെടുന്നതായിരുന്നു. .അതൊക്കെ പ്രാവര്‍ത്തികമാക്കുന്ന തിരക്കിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും നീങ്ങുന്ന വേളയില്‍ എത്തുന്ന സംസ്ഥാന സമ്മേളനത്തിലും ഒരു പടി കൂടി കടന്നുള്ള നയമാറ്റങ്ങളുടെ ഒട്ടേറെ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നുറപ്പാണ്. ഇടതുമുന്നണിയില്‍ വലിയ ചേരിതിരിവുണ്ടായിട്ടും ബ്രൂവറി മദ്യശാല അനുമതിയില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഘടകകക്ഷികളെ നോക്കുകുത്തിയാക്കിയ പിണറായി സമാനമായ നയം മാറ്റങ്ങളുടെ നീണ്ട നിര തന്നെ പുതിയ നയരേഖയിലും മുന്നോട്ടുവയ്ക്കും.സമ്മേളനം ചര്‍ച്ച ചെയ്ത് ഇവ അംഗീകരിക്കുന്നതോടെ സമ്പൂര്‍ണ്ണമായ നയം മാറ്റത്തിലേക്ക് സിപിഎം നീങ്ങും .
EP ജയരാജന്റെ CPM രാഷ്ട്രിയ ഭാവിയും കൊല്ലം സമ്മേളനത്തില്‍ നിര്‍ണയിക്കപ്പെടും. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം തെറിച്ച ഇപി ജയരാജനെ കമ്മിറ്റികളില്‍ നിലനിര്‍ത്തുമോ എന്നതാണ് കണ്ടറിയേണ്ടത്. കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലായിരുന്നു. സംഘടന പദവികളില്‍ തുടരാനുള്ള പ്രായപരിധി 80നിന്ന് 75 ആക്കി കുറച്ചത്. ഇളവുകളുടെ കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആണ് അന്തിമ തീരുമാനം എടുക്കേണ്ടതെങ്കിലും രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ ഈ ഇളവ് നേടിക്കഴിഞ്ഞു
പ്രായപരിധി കര്‍ശനമാക്കുന്നതോടെ പാര്‍ട്ടി നേതൃനിരയിലും നിര്‍ണായകമായ മാറ്റങ്ങള്‍ സംസ്ഥാന സമ്മേളനത്തില്‍ ഉണ്ടായേക്കും.. എ കെ ബാലന്‍, ആനാവൂര്‍ നാഗപ്പന്‍ അടക്കമുള്ളവര്‍ സെക്രട്ടറിയേറ്റില്‍ നിന്ന് പുറത്തുപോകും..75 വയസ്സായ പി കെ ശ്രീമതിയെ ഒഴിവാക്കണമോ എന്ന കാര്യത്തിലും വലിയ ചര്‍ച്ചയുണ്ടാകും.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി,മന്ത്രി എം ബി രാജേഷ്, ടി എന്‍ സീമ, കടകംപള്ളി സുരേന്ദ്രന്‍ എന്നി വരാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടന്നു കൂടുവാന്‍ ചരട് വലികള്‍ നടത്തുന്നത്. കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളായ പി ജയരാജനെയും, എം വി ജയരാജനെയും പാര്‍ട്ടി പരിഗണിക്കുമോ എന്ന കാര്യത്തിലും സമ്മേളനത്തില്‍ വ്യക്തത ഉണ്ടാകും.
ജയരാജന്മാരെ മറികടന്ന് പി ശശി സെക്രട്ടറിയേറ്റില്‍ എത്തിയാല്‍ അത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയാകും. പി.ശശി സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തിയാല്‍
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തിനും മാറ്റമുണ്ടാകും.യുവ പ്രാതിനിധ്യമേറിയാല്‍ കടുത്ത വിഎസ് പക്ഷക്കാരായിരുന്ന എസ് ശര്‍മയും, ചന്ദ്രന്‍ പിള്ളയും സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താകും. സമ്മേളനം പുരോഗമിക്കുന്നതോടെ വെട്ടി നിരത്തലും വെട്ടിപ്പിടുത്തവും പാര്‍ട്ടിയിലെ അഭ്യന്തരകലഹത്തെ
കൂടുതല്‍ കലുഷിതമാക്കും.