പിവിസിയുടെ യോഗ്യത വെട്ടിക്കുറച്ചു : സര്‍വ്വകലാശാലാ ബില്ലില്‍ മന്ത്രി ബിന്ദുവിന്റെ പ്രത്യേക ഭേദഗതി

Jaihind News Bureau
Wednesday, March 5, 2025

നിയമസഭയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച യൂണിവേഴ്‌സിറ്റി നിയമ ഭേദഗതി ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്ന പിവിസി മാരുടെ യോഗ്യത വീണ്ടും വെട്ടിക്കുറച്ചു. ഇതുള്‍പ്പെടെയുള്ള ഭേദഗതി ബില്ലാണ് സബ്ജറ്റ് കമ്മിറ്റിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നല്‍കിയിരിക്കുന്നത്.

നിയമസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ പിവിസി നിയമനം പ്രൊഫസര്‍, കോളേജ് പ്രിന്‍സിപ്പല്‍ തസ്തികയിലുള്ളവരില്‍ നിന്നാകണം എന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍ ഇതില്‍ മന്ത്രിയുടെ വക തിരുത്തല്‍ വരുത്തിയാണ് പുതിയ കരടു തയ്യാറാക്കിയിരിക്കുന്നത്. യോഗ്യതയില്‍ ഇളവു നടത്തിയാണ് തിരുത്തലുണ്ടായിരിക്കുന്നത്. പ്രൊഫസര്‍ക്ക് പകരം അസോസിയേറ്റ് പ്രൊഫസര്‍ മതിയെന്നാണ് മന്ത്രിയുടെ പുതിയ നിര്‍ദ്ദേശം.

യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ പ്രൊഫസര്‍മാരും, പ്രൊഫസറുടെ പദവിയിലുള്ള സ്റ്റാറ്റിയുട്ടറി ഉദ്യോഗസ്ഥന്മാരും, അഫിലിയേറ്റഡ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരും തുടരുമ്പോഴാണ്, പത്തുവര്‍ഷത്തെ മാത്രം അധ്യാപന പരിചയമുള്ള അസോസിയേറ്റ് പ്രൊഫസര്‍ക്ക് പിവിസി യാകാമെന്ന പുതിയ നിയമഭേദഗതി. സീനിയോരിട്ടിയുള്ളവരെ മുഴുവന്‍ തഴയുന്ന രാഷ്ട്രീയ തീരുമാനം ആണെന്ന സംശയമാണ് ഉയരുന്നത്.

നിലവില്‍ വിസി യ്ക്കുള്ള ഒട്ടേറെ അധികാരങ്ങള്‍ പിവിസി ക്ക് നല്‍കി കൊണ്ടാണ് നിയമം ഭേദഗതി ചെയ്യുന്നത്. ബില്ല് നിയമമായി കഴിഞ്ഞാല്‍ സര്‍വ്വകലാശാലകളില്‍ പിവിസി ഒരു പ്രധാന അധികാര കേന്ദ്രമായി മാറും. യുജിസി പുറത്തിറക്കിയിരിക്കുന്ന 2025ലെ കരട് യുജിസി റെഗുലേഷനില്‍ പിവിസി തസ്തികതന്നെ ഒഴിവാക്കിയിരിക്കുമ്പോഴാണ് സംസ്ഥാന സര്‍വകലാശാലകളില്‍ വിസി യുടെ അധികാരങ്ങള്‍ പിവിസിക്ക് കൈമാറുന്നത്.

വിസിയുടെ അധികാരം വെട്ടിക്കുറച്ച് സര്‍ക്കാര്‍ നോമിനികള്‍ക്കു നല്‍കുന്നത് അക്കാദമി രംഗത്തെ രാഷ്്രട്രീയ ഇടപെടലായി മാത്രമേ കരുതാനാവൂ. ഭരണ കക്ഷിയുടെ അധ്യാപക സംഘടനാ നേതാക്കന്മാര്‍ക്ക് പിവിസി പദവി ലഭിക്കുന്നതിന് വേണ്ടിയാണ് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മന്ത്രി പിവിസിയുടെ യോഗ്യത വെട്ടിക്കുറച്ചതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു.