മുല്ലപ്പള്ളിയോട് പിണറായിക്ക് കുടിപ്പക : രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, April 8, 2020

 

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രനോട് മുഖ്യമന്ത്രി പിണറായി വിജയന് കുടിപ്പകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുല്ലപ്പള്ളി രാമചന്ദ്രനെതിരായ മുഖ്യമന്ത്രിയുടെ പരാമർശങ്ങള്‍ തരംതാണതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രവാസികളുടെ കാര്യത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ചത് ശരിയായ ആരോപണമാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി തികഞ്ഞ അസഹിഷ്ണുതയാണ് കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സർക്കാരിന്‍റെ പലതരം വീഴ്ചകളും പാളിച്ചകളും ശ്രദ്ധയിൽപ്പെട്ടെങ്കിലും പലതും പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. എന്നാൽ ഇന്നലെ കള്ളം കൈയോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി വിറളി പൂണ്ട് പ്രതിപക്ഷത്തിന് മേലെ കുതിര കയറുകയാണ് ചെയ്തത്. സി.പി.ഐയുടെ കോട്ടയായ വടകര പിടിച്ചടക്കിയ മുല്ലപ്പള്ളിയോട് പിണറായി വിജയന് കുടിപ്പകയുണ്ടെന്നും ഈ കുന്നായ്മ തുടങ്ങിയിട്ട് കുറേ കാലമായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് തീർക്കാന്‍ ഈ അവസരം ഉപയോഗിച്ചത് മോശമായിപ്പോയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നിലവിലെ അന്തരീക്ഷത്തിൽ കേരളത്തിലെ മുഴുവൻ ജനങ്ങളും ഒന്നിച്ചു നിൽക്കണം. അതു കൊണ്ടാണ് വസ്തുനിഷ്ഠമായ ചില കാര്യങ്ങൾ മാത്രമാണ് ഇന്നലെ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്.

പ്രവാസികളുടെ കാര്യത്തിൽ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞതിൽ എന്താണ് തെറ്റെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. തികഞ്ഞ അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്കുള്ളത്. സമൂഹ അടുക്കളയിലും സന്നദ്ധസേനയിലും രാഷ്ട്രീയം പ്രകടമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.