കൈതോലപ്പായയിൽ പണം കടത്തിയത് പിണറായി വിജയനും വ്യവസായ മന്ത്രി പി രാജീവും; ജി ശക്തിധരന്‍

Jaihind Webdesk
Thursday, August 17, 2023

കൊച്ചി: കൈതോലപ്പായയിൽ പണം കടത്തിയത് പിണറായി വിജയനും വ്യവസായ മന്ത്രി പി രാജീവും എന്ന്
ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്‍റെ വെളിപ്പെടുത്തൽ. എറണാകുളം കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ രണ്ട് ദിവസം താമസിച്ച്‌ സമാഹരിച്ച രണ്ട്‌ കോടി 35 ലക്ഷം രൂപ കൈതോലപ്പായയിൽ പൊതിഞ്ഞ് ഇവർ എകെജി സെന്‍ററിലേക്ക് കടത്തിയതായ ആരോപണമാണ് ശക്തിധരൻ ഉയർത്തുന്നത്.ശക്തിധരൻ പേരുകൾ വെളിപ്പെടുത്തിയതോടെ
കൈതോലപ്പായ വിവാദം വീണ്ടും കേരള രാഷ്ട്രീയത്തിൽ ആളിക്കത്തുകയാണ്.

കൈതോലപ്പായിലെപണം കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെയും വ്യവസായ വകുപ്പ് മന്ത്രിയുടെയും
പേരുകൾ വെളിപ്പെടുത്തി കൊണ്ടാണ് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻപുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ട്‌ കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച്‌ സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടിസെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്‍ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും താൻ തുറന്ന് എഴുതിയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? എന്ന ചോദ്യത്തോടെയാണ് ശക്തിധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

താനത് തുറന്നെഴുതിയാലും ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയിൽ തന്നെ ആയിരിക്കുമെന്നും അതിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലെന്നും പരിഹസിച്ചുകൊണ്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റ് തുടരുന്നത്
കോവളത്തെ ഗൾഫാർ മുഹമ്മദാലിയുടെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ്എകെജി സെന്ററിലേക്ക് രണ്ട് പാക്കറ്റുകളിൽ പണം എത്തിയിരുന്നതെന്നും ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്. ഇതിനെക്കാൾ ഉയർന്ന തുക
പിണറായിവിജയനും മകൾ വീണ യും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്ന് മൂന്ന് ഹൈക്കോടതി ജഡ്ജിമാർ വിധി എഴുതിയതായ പരാമർശവും ശക്തിധരന്‍റെ പോസ്റ്റിലുണ്ട്. യഥാർത്ഥ മാഫിയ രാജാവാണ് പിണറായി വിജയനെന്നും തന്‍റെ കമ്പ്യൂട്ടറിൽ അതിന്‍റെ തെളിവുകൾ ഉണ്ടെന്നും ഒരു ന്യായാധിപൻ പരസ്യമായി വെല്ലുവിളിച്ചതായ
ഒളിയമ്പും ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉയർത്തുന്നുണ്ട്. ശക്തിധരന്‍റെ വെളിപ്പെടുത്തലോടെ കൈതോല പായ വിവാദം വീണ്ടും കേരള രാഷ്ട്രീയത്തിൽ ആളിക്കത്തുകയാണ്.