പൊലീസിനെ നിയന്ത്രിക്കുന്നത് പിണറായിക്ക് പറ്റിയ പണി അല്ലെന്ന് തെളിഞ്ഞു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മര്‍ദ്ദനം നടത്തുന്ന കാര്യത്തില്‍ കേരളത്തിലെ പൊലീസിന് മുന്നണി വ്യത്യാസമില്ലെന്നാണ് കൊച്ചിയിലെ സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിനെ നിയന്ത്രിക്കുന്നത് പിണറായിക്ക് പറ്റിയ പണി അല്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. പിണറായി വിജയന്‍ ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് ഒഴിയണം. പൊലീസിന്റെ പക്ഷപാതപരമായ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയുടെ എം.എല്‍.എ എല്‍ദോ എബ്രഹാമിനെയും പ്രവര്‍ത്തകരെയും പൊലീസ് വളഞ്ഞു വച്ചു ക്രൂരമായി മര്‍ദ്ദിച്ചത് കേരളത്തിലെ പൊലീസിന്റെ ഇപ്പോഴത്തെ അവസ്ഥയെയാണ് കാണിക്കുന്നത്. സി.പി.എമ്മിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ സംഘമായി പൊലീസ് സേന മാറിയിരിക്കുന്നു.

പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതിന്റെ അര്‍ത്ഥം സി.പി.ഐയ്ക്ക് ഇപ്പോള്‍ മനസിലായിട്ടുണ്ടാവും എന്ന് കരുതുന്നു. ഭരണ കക്ഷിക്കാര്‍ക്ക് പോലും പൊലീസ് മര്‍ദ്ദനത്തിന്റെ കാഠിന്യം രുചിക്കേണ്ടി വരികയാണെങ്കില്‍ പ്രതിപക്ഷത്തിന്റെ കാര്യം പറയേണ്ടതില്ല. പ്രതിപക്ഷത്തിന്റെ സമരങ്ങളെ നിഷ്ഠൂരമായാണ് പൊലീസ് അടിച്ചമര്‍ത്തുന്നത്. സി.പി.എമ്മിന് വേണ്ടി വഴിവിട്ട എന്ത് അതിക്രമവും കാണിക്കാന്‍ മടിക്കാത്ത പൊലീസ് ഇപ്പോള്‍ ഭരണമുന്നണിയിലെ മറ്റു ഘടക കകഷികളുടെ മേലും കൈവച്ചിരിക്കുകയാണ്. ഇത്രയൊക്കെയായിട്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മൗനം പാലിക്കുന്നത് കൗതുകകരമാണ്. അന്തസുണ്ടെങ്കില്‍ സ്വന്തം വ്യക്തിത്വം നിലനിര്‍ത്തുന്നതിന് പരസ്യമായി രംഗത്തിറങ്ങാന്‍ സി.പി.ഐ തയ്യാറുണ്ടോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

Comments (0)
Add Comment