വാതിലില്ലാത്ത വീടിനും താക്കോൽദാനം നടത്തി മുഖ്യമന്ത്രി

Jaihind Webdesk
Saturday, January 26, 2019

Pinarayi-home-incomplete

മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറിയത് വാതില്‍പോലും ഇല്ലാത്ത വീടുകളുടെ താക്കോല്‍. ഇടതുമുന്നണിയുടെ രാഷ്ട്രീയ പരിപാടിയ്ക്കിടെ സർക്കാർ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ താക്കോൽ കൈമാറിയതു നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വാതില്‍ പോലും ഇല്ലാത്ത വീടുകളുടെ താക്കോല്‍ കൈമാറ്റം.

പിണറായിയില്‍ നടന്ന ഇടതുമുന്നണിയുടെ കുടുംബ സംഗമത്തിലാണ് സര്‍ക്കാര്ർ പദ്ധതിയായ ലൈഫ് മിഷനില്‍ ഉൾപ്പെടുത്തി നിര്‍മ്മിക്കുന്ന 11 വീടുകളുടെ താക്കോല്‍ മുഖ്യമന്ത്രി കൈമാറിയത്. എന്നാല്‍ ഇങ്ങനെ ആഘോഷപൂര്‍വ്വം ‘കൈമാറിയ’ വീടുകളില്‍ പലതിന്‍റെ മേല്‍ക്കൂരയുടെ വാർപ്പ് പോലും പൂർത്തിയായിട്ടില്ലെന്നതാണ് വിചിത്രമായ കാര്യം.

പഞ്ചായത്തിലെ 12 വീടുകളെയാണു ലൈഫ് മിഷനിൽ ഉൾപ്പെടുത്തി നിര്‍മ്മിക്കുന്നത്. പണി പൂർത്തിയാകാത്തതിനാൽ ഉമ്മൻചിറയിലെ ഒരു വീടിന്‍റേതൊഴികെ മറ്റെല്ലാ വീടുകളുടെയും നിർമാണം പൂർത്തിയായെന്നും ആ 11 വീടുകളുടെ താക്കോല്‍ ദാനമാണ് നിര്‍വഹിച്ചതെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാൽ പണി തീരാത്ത വേറെയും വീടുകളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

എട്ടാംവാർഡായ പാനുണ്ടയില്‍ പല വീടിന്‍റെയും നിർമാണം പകുതി പോലും പൂർത്തിയായിട്ടില്ല. ഇതുൾപ്പെടെ 11 വീടുകളുടെ താക്കോൽ കൈമാറിയെങ്കിലും പദ്ധതി തുകയിലെ അവസാന ഗഡു ഒറ്റ വീടിനു പോലും കൈമാറിയിട്ടും ഇല്ല. 12 വർഷത്തേക്കു വീട് വിൽക്കില്ലെന്ന് പഞ്ചായത്തുമായി കരാർ വയ്ക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതു സംബന്ധിച്ചു ചില ആശയക്കുഴപ്പമുള്ളതിനാൽ ആരുമായും കരാർ വച്ചില്ലെന്നും അതുകൊണ്ടാണ് അവസാന ഗഡു തുക കൈമാറാത്തതെന്നുമാണു പഞ്ചായത്തിന്‍റെ വിശദീകരണം.

പാനുണ്ടയിൽ രാജേശ്വരി എന്ന വിധവയ്ക്കും വീടിന്‍റെ താക്കോൽ മുഖ്യമന്ത്രി കൈമാറിയിരുന്നു. പക്ഷേ അവിടെ ഇപ്പോഴുമുള്ളതു വാതിലോ ജനലോ ഇല്ലാതെ നിർമാണം പാതിയിലിരിക്കുന്ന വീട്ടിലെ വാർപ്പിന്‍റെ തട്ടുപോലും മാറ്റിയിട്ടില്ല. വിദ്യാർഥിനികളായ രണ്ടു പെൺമക്കളും കാഴ്ചവൈകല്യമുള്ള മകനുമാണു രാജേശ്വരിക്കുള്ളത്. മൂന്നു മക്കൾക്കും അമ്മയ്ക്കും കൂടി കഴിയാൻ ലൈഫ് മിഷൻ പ്രകാരമുള്ള 400 ചതുരശ്ര മീറ്റർ വീട് മതിയാകില്ലെന്നതിനാൽ നാട്ടുകാർ കമ്മിറ്റി രൂപീകരിച്ചാണു വീടിന്‍റെ നിർമാണം നടത്തുന്നത്. ലൈഫ് മിഷനിലെ 400 ചതുരശ്രമീറ്റർ പൂർത്തിയായി വീട്ടു നമ്പർ ലഭിച്ചശേഷം വിസ്തീർണം അല്‍പംകൂടി വർധിപ്പിക്കാനാണു കമ്മിറ്റിയുടെ തീരുമാനം. ഇതിനിടയിൽ വീടിന്‍റെ താക്കോൽ കൈമാറിയ വിവരം കമ്മിറ്റി പോലും അറിഞ്ഞില്ല.

ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടുകളുടെ നിർമാണം ജനുവരിയിൽ പൂർത്തീകരിക്കുമെന്നാണു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇപ്രകാരം പ്രഖ്യാപനം നടപ്പായെന്നു വരുത്താനാണ് വീടുകൾ പൂർത്തിയായില്ലെങ്കിലും തിരക്കിട്ടു താക്കോൽ കൈമാറിയെന്നാണു വിമർശനം. ഇടതുമുന്നണിയുടെ കുടുംബ സംഗമത്തിൽ താക്കോല്‍ദാനം നടത്തിയതിനെതിരെയും വിമര്‍ശനം ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങായതിനാലാണു സർക്കാർ പദ്ധതിയിലെ താക്കോൽദാനം അവിടെ വച്ച് നടത്തിയതെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഗീതമ്മയുടെ വിശദീകരണം.