ഇരട്ടത്താപ്പ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര; പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവര്‍ ഇപ്പോഴും പ്രതിസ്ഥാനത്ത്; കേസുകള്‍ പിന്‍വലിച്ചില്ല

Jaihind News Bureau
Saturday, December 6, 2025

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം അഞ്ച് വര്‍ഷം പിന്നിട്ടിട്ടും പൂര്‍ണ്ണമായി നടപ്പാക്കാനായില്ല. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപിച്ച ഈ നീക്കം ഇഴഞ്ഞുനീങ്ങുകയാണ്. ആകെ രജിസ്റ്റര്‍ ചെയ്ത 843 കേസുകളില്‍ ഇതുവരെ പിന്‍വലിക്കാനായത് വെറും 112 എണ്ണം മാത്രമാണെന്ന് നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍ 30-ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയിലാണ് കേസ് പിന്‍വലിക്കലുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. 93 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മലപ്പുറം ജില്ലയില്‍ ഒറ്റ കേസുപോലും പിന്‍വലിക്കപ്പെട്ടിട്ടില്ല. ഇതിനുപുറമെ ഇടുക്കി, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലും ഒരു കേസ് പോലും പിന്‍വലിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ വാഗ്ദാനം നടപ്പാക്കാത്തത് ന്യൂനപക്ഷ സമൂഹത്തിലും പ്രക്ഷോഭകരുടെ ഇടയിലും കടുത്ത അമര്‍ഷത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

‘തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടുപിടിക്കാനുള്ള തന്ത്രമായിരുന്നു കേസ് പിന്‍വലിക്കല്‍ പ്രഖ്യാപനം’ എന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, ഈ കാലതാമസത്തിന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. സി.എ.എ. പ്രക്ഷോഭത്തില്‍ രജിസ്റ്റര്‍ ചെയ്ത ഗുരുതര സ്വഭാവമുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും, ബാക്കി കേസുകളില്‍ പ്രതികള്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. എങ്കിലും, വാഗ്ദാനവും നടപ്പാക്കലും തമ്മിലുള്ള ഈ വലിയ വ്യത്യാസം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ ചര്‍ച്ചകളില്‍ ചൂടേറിയ വിഷയമായി മാറും എന്നതില്‍ സംശയമില്ല.