‘പിണറായി സര്‍ക്കാരിന്‍റേത് വ്യാജ പ്രോഗ്രസ് കാര്‍ഡ്; സർക്കാരിന്‍റെ പ്രോഗ്രസ് വാചകമടിയില്‍ മാത്രം’ : രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, June 11, 2019

Ramesh-Chennithala

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പൂജ്യം മാര്‍ക്ക് നല്‍കിയ പിണറായി സര്‍ക്കാര്‍ വ്യാജ പ്രോഗ്രസ് കാര്‍ഡിറക്കി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് വര്‍ഷം കൊണ്ട് ഒരു നേട്ടം പോലും പിണറായി സര്‍ക്കാരിന് അവകാശപ്പെടാനില്ല. വാചകക്കസർത്ത് നടത്തുക മാത്രമാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഏതൊരു സര്‍ക്കാരിന് കീഴിലും സാധാരണ നടക്കുന്ന കാര്യങ്ങളാണ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ രൂപരേഖ പോലുമാകാത്ത ശബരിമല വിമാനത്താവളത്തിന്‍റെ പേരിലാണ് പിണറായി സര്‍ക്കാര്‍ ഊറ്റം കൊള്ളുന്നത്. കിഫ്ബി വഴി 10,000 കോടി സമാഹരിച്ച് മലയോര തീരദേശ പാതകള്‍ പൂര്‍ത്തിയാക്കും എന്നതാണ് ഒരു അവകാശവാദം. എന്നാല്‍ കേരളത്തെ കടപ്പെടുത്തി കൊള്ളപ്പലിശയ്ക്ക് മസാല ബോണ്ടിറക്കിയിട്ടും ആവശ്യത്തിന് വേണ്ടതിന്‍റെ ചെറിയ ശതമാനം പണം സമാഹരിക്കാന്‍ കിഫ്ബിക്കായിട്ടില്ല. ഈ സാഹചര്യത്തില്‍ പതിനായിരം കോടി സമാഹരിച്ച് മലയോര തീരദേശ പാതകള്‍ വികസിപ്പിക്കുമെന്നത് എങ്ങനെ സാധ്യമാകുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കാസര്‍കോട്- ബേക്കല്‍ ജലപാത, ഗെയില്‍ പൈപ്പ്‌ലൈന്‍, എറണാകുളത്തെ സിറ്റി ഗ്യാസ് പദ്ധതി തുടങ്ങിയവയെല്ലാം കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തേ നടന്നുവരുന്ന പദ്ധതികളാണ്. വാഗ്ദാനങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ അവയില്‍ മിക്കതും കാണാനില്ല എന്നതാണ് മറ്റൊരു സവിശേഷത. മുഴുവന്‍ തോട്ടം തൊഴിലാളികളേയും ബി.പി.എല്‍ ആയി കണക്കാക്കി റേഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന വാഗ്ദാനം സംബന്ധിച്ച് ‘പരിശോധിച്ചു വരുന്നു’ എന്നാണ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ കാണുന്നത്. മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പരിശോധന പൂര്‍ത്തിയാക്കാത്ത സര്‍ക്കാര്‍ ഇനി എന്നാണ് പരിശോധന പൂര്‍ത്തിയാക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു.

കശുവണ്ടി ഫാക്ടറികളെല്ലാം തുറന്നു പ്രവര്‍ത്തിപ്പിക്കുകയും വര്‍ഷം മുഴുവന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുമെന്ന വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ചില സ്വകാര്യ ഫാക്ടറികള്‍ തുറന്ന് തൊഴില്‍ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നാണ് ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. നെല്‍വയല്‍ സംരക്ഷണ നിയമം കൂടുതല്‍ ശക്തമാക്കും എന്ന് വാഗ്ദാനം ചെയ്ത ശേഷം ആ നിയമത്തില്‍ വെള്ളം ചേര്‍ത്ത് നിയമത്തിന്‍റെ കാതല്‍ നശിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതുപോലെ നിയമ ലംഘനം നടത്തിയ തോട്ടങ്ങള്‍ തിരിച്ചു പിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും രഹസ്യമായി അവര്‍ക്ക് കരമടയ്ക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്.

മഹാപ്രളയം കഴിഞ്ഞ ഒരു വര്‍ഷമാകുമ്പോഴും അതിന് ഇരയായവര്‍ക്ക് സഹായമെത്തിക്കാന്‍ കഴിയാത്ത സര്‍ക്കാരാണിത്. നവകേരള നിര്‍മിതിയെക്കുറിച്ച് വാചകക്കസർത്തല്ലാതെ മറ്റൊന്നും നടക്കുന്നില്ല. കടംകയറി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. ഇതിന് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന് വാചകമടിയില്‍ മാത്രമാണ് പ്രോഗ്രസ് ഉള്ളതെന്നും റിപ്പോര്‍ട്ടിലും ഇതുമാത്രമാണ് കാണാനാകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.