ചട്ടം മറികടന്ന് പിഎച്ച്ഡി പ്രവേശനം; എസ്എഫ്ഐ നേതാവ് വിദ്യക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് മുഹമ്മദ് ഷമ്മാസ്

 

കണ്ണൂർ: മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജരേഖ ചമച്ച എസ്എഫ്ഐ വനിതാ പ്രവർത്തക കെ വിദ്യക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ്. 2016ൽ പയ്യന്നൂർ കോളേജിൽ വിദ്യാർത്ഥിനി ആയിരിക്കെ ഇന്‍റേണൽ മാർക്ക് നൽകാത്തതുമായി ബന്ധപ്പെട്ട് വിദ്യയും അധ്യാപികയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ അധ്യാപകയുടെ കാർ കത്തി നശിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ വിദ്യ ഉൾപ്പെടെയുള്ള എസ്എഫ്ഐ നേതാക്കൾക്ക് പങ്കുണ്ടെന്ന വിവരം പുറത്തുവന്നെങ്കിലും കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു. ഇക്കാര്യത്തിലുള്‍പ്പെടെ പുനരന്വേഷണം വേണമെന്നും ഷമ്മാസ് ആവശ്യപ്പെട്ടു.

വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിന്‍റെ വഴിവിട്ട നീക്കങ്ങളുടെ കൂടുതൽ തെളിവുകളും മുഹമ്മദ്‌ ഷമ്മാസ് പുറത്തുവിട്ടു. ചട്ടം മറികടന്ന് റിസർച്ച് കമ്മിറ്റി വിദ്യയുടെ പേര് തിരുകിക്കയറ്റിയ യോഗത്തിന്‍റെ മിനുട്ട്സ് ആണ് മുഹമ്മദ്‌ ഷമ്മാസ് പുറത്തു വിട്ടത്. എസ്.സി – എസ്.ടി സംവരണം അട്ടിമറിച്ചതും വ്യക്തമാക്കുന്നതാണ് രേഖകൾ. അടിയന്തര അന്വേഷണം വേണമെന്നും
വഴിവിട്ട പിഎച്ച്ഡി പ്രവേശനത്തിന് പിന്നിൽ പ്രവർത്തിച്ചത് മന്ത്രി പി രാജീവും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയും അന്നത്തെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി അമൽ സി.എസ് എന്നിവരാണെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

Comments (0)
Add Comment