പെരിയ ഇരട്ടക്കൊലപാതകത്തില്‍ വീണ്ടും സർക്കാരിന്‍റെ ഒളിച്ചുകളി : ക്രൈംബ്രാഞ്ച് കേസ് ഡയറിയും രേഖകളും കൈമാറുന്നില്ലെന്ന് സി.ബി.ഐ

കൊച്ചി : പെരിയ ഇരട്ടകൊലക്കേസിൽ വീണ്ടും സർക്കാരിന്‍റെ ഒളിച്ചുകളി. കേസ് ഡയറിയും രേഖകളും സി.ബി.ഐക്ക് കൈമാറാതെ ക്രൈംബ്രാഞ്ച്. പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നും സി.ബി.ഐ ഹൈക്കോടതിയിൽ അറിയിച്ചു. ഇതോടെ പെരിയ ഇരട്ട കൊലപാതക കേസ് അന്വേഷണം വഴിമുട്ടിയ അവസ്ഥിയാണ്.

കഴിഞ്ഞ ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സി.ബി.ഐക്ക് കൈമാറിയത്. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞാണ് പെരിയ ഇരട്ട കൊലക്കേസിലെ കുറ്റപത്രം റദ്ദാക്കി ഹൈക്കോടതി കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്. 2019 ക്ടോബർ 25 ന്  കേസ് എറ്റെടുത്ത് സി.ബി.ഐ  കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ  സർക്കാർ ഡിവിഷൻ ബ‌െഞ്ചിന് അപ്പീല്‍ നല്‍കി.  സിംഗിൾ ബെഞ്ച് ഉത്തരവ് നിലവിൽ ഡിവിഷൻ ബ‌െഞ്ച് സ്റ്റേ ചെയ്തിട്ടില്ല. സർക്കാർ അപ്പീലിൽ വാദം പൂർത്തിയാക്കി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്.  സാമ്പത്തിക പ്രതിസന്ധിക്കിടെയും ലക്ഷങ്ങള്‍ മുടക്കി സുപ്രീം കോടതിയില്‍ നിന്ന് മുതിർന്ന അഭിഭാഷകരെയാണ് സർക്കാര്‍ കേസിനായി ഹാജരാക്കിയത്.

അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സർക്കാര്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും മാതാപിതാക്കളും ബന്ധുക്കളും കൊച്ചി സി.ബി.ഐ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. സി.ബി.ഐ അന്വേഷണം നിലച്ച മട്ടാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണത്തിന് അടിവരയിടുന്നതാണ് ഇപ്പോള്‍ സി.ബി.ഐ ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുന്ന കാര്യങ്ങള്‍. 2019 ഫെബ്രുവരി 17 നാണു കാസർകോട്ടെ പെരിയയില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും സി.പി.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. നേരിട്ടും അല്ലാതെയും കേസില്‍ പ്രതികളായിട്ടുള്ളത് നിരവധി സി.പി.എം പ്രവർത്തകരാണ്.

Comments (0)
Add Comment