പെരിയ ഇരട്ടക്കൊലക്കേസ്: സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് വി.ഡി.സതീശന്‍

Saturday, December 28, 2024

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിലെ കോടതി വിധി മരിച്ചവരുടെ കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തിയ പോരാട്ട വിജയമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ചെയ്തതും ചെയ്യിപ്പിച്ചതും സിപിഎം ആണെന്നും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനും പാർട്ടിക്ക് പങ്കുണ്ടെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. പ്രതികളെ രക്ഷിക്കാന്‍ ചെലവാക്കിയ തുക സിപിഎം സര്‍ക്കാരിലേക്ക് അടക്കണമെന്ന വാദവും അദ്ദേഹം ഉന്നയിച്ചു. പാര്‍ട്ടിയുടെ എല്ലാ തെറ്റുകള്‍ക്കും കൂട്ടുനിന്നത് സിപിഎം ഭരിക്കുന്ന സര്‍ക്കാരാണ്. ഈ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജിച്ചു തലതാഴ്‌ത്തേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇത് കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തിയ ധാര്‍മികതയുടെ വിജയമാണ്. പ്രതികളെ രക്ഷിക്കാനായി ഒരുകോടിയോളം രൂപ നികുതിപ്പണത്തില്‍ നിന്ന് ചെലവാക്കി. ഈ പണം സിപിഎം സംസ്ഥാന കമ്മിറ്റി സര്‍ക്കാരിലേക്ക് അടക്കണമെന്ന് ആവശ്യപ്പെടുകയാണ്. കേരളത്തിലെ ജനങ്ങളോടും കുടുംബത്തോടും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ക്ഷമാപണം നടത്തണമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.