എറണാകുളം: കാസറഗോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷ്, ശരത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ നാലു സിപിഎം നേതാക്കള്‍ക്ക് അഞ്ചു വർഷം തടവും ശിക്ഷ വിധിച്ചു. എറണാകുളം സിബിഐ പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്.
ഒന്നു മുതൽ എട്ടുവരെ പ്രതികളായ എ.പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ, ഗിജിൻ, ആർ. ശ്രീരാഗ്, എ. അശ്വിൻ, സുബീഷ് പത്താം പ്രതി ടി. രഞ്ജിത്ത്, 15–ാം പ്രതി എ.സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം.
പ്രമുഖ സിപിഎം നേതാക്കൾ ഉൾപ്പെടെ 14 പേരാണ് കേസിൽ കുറ്റക്കാരാണെന്നു കഴിഞ്ഞ ശനിയാഴ്ച കൊച്ചി സിബിഐ കോടതി കണ്ടെത്തിയത്. പ്രതികളായിരുന്ന പത്തുപേരെ വെറുതെവിടുകയും ചെയ്തു. മുൻ ഉദുമ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമൻ, മുൻ ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ, മുൻ പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, പ്രാദേശിക നേതാവ് കെ.വി ഭാസ്‌കരൻ എന്നിവർക്കെതിരെ രണ്ടാം പ്രതിയെ പോലീസ് കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിച്ചതിന്‍റെ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമെതിരെ കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘംചേരൽ, കലാപം സൃഷ്ടിക്കൽ അടക്കമുള്ള വകുപ്പുകളാണു ചുമത്തത്. ഇവ വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ്. ഒന്നാം പ്രതിയായ പീതാംബരൻ, നാലാംപ്രതി അനിൽകുമാർ, ഏഴാം പ്രതി അശ്വിൻ എന്നിവർക്കെതിരെ തെളിവ് നശിപ്പിച്ചതിനുള്ള വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്.
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ കൊലയല്ല, വ്യക്തിപരമായ വിരോധത്തിന്‍റെ പേരിലുള്ള കൊല എന്ന് പറഞ്ഞ് സിപിഎം നിസ്സാരവൽക്കരിക്കാൻ ശ്രമിച്ച കേസിലാണ് സിബിഐ കോടതി ജില്ലാ സെക്രട്ടറിയേറ്റ് അംഗമടക്കം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ സിബിഐ അന്വേഷണം തടയാൻ ശ്രമിച്ചത് ഇവരെ സംരക്ഷിക്കാനായിരുന്നു എന്ന ആരോപണം ബലപ്പെടുകയാണ്.