ലോക ഫുട്‌ബോൾ രാജാവ് പെലെ എൺപതിന്‍റെ നിറവിൽ

Jaihind News Bureau
Friday, October 23, 2020

കാൽപന്ത് കളിയുടെ കാവ്യസൗന്ദര്യം മനുഷ്യരാശിക്ക് പരിചയപ്പെടുത്തിയ കറുത്ത മുത്തിന് എൺപത് വയസ്. 1940 ഒക്ടോബർ 23ന് ഒരു പാവപ്പെട്ട കുടുംബത്തിൽ പിറന്ന എഡിസൺ അറാൾറസ്‌ദോ നാസിമെന്‍റൊ എന്ന കുഞ്ഞ് ലോക ഫുട്‌ബോൾ രാജകിരീടം ചൂടിയത് വിസ്മയം തന്നെയാണ്. ഭക്ഷണം തന്നെ കഷ്ടിച്ച് ലഭിക്കാൻ പ്രയാസപ്പെടുന്ന ചുറ്റുപാടിൽനിന്ന് എങ്ങനെ ഫുട്‌ബോൾ കളിക്കാരനായി എന്ന ചോദ്യം ഇന്നും ഉത്തരം കിട്ടാതെ കിടക്കുന്നു.

കീറിയ തുണിക്കഷ്ണങ്ങളും കടലാസും ചുരുട്ടിക്കെട്ടിയ പന്തായിരുന്നു തുടക്കത്തിലെ ആശ്രയം. പിന്നീട് റബ്ബർ പന്ത് കിട്ടി. അച്ഛന്റെ അസുഖം കൊണ്ട് കളിമുടങ്ങിയപ്പോൾ കുടുംബത്തിന്‍റെ വരുമാനം നിലച്ചു. പെലെയ്ക്ക് അന്ന് പത്ത് വയസ്. കടല വിറ്റും ബീഡിതെറുത്തും കുടുംബത്തെ നോക്കാൻ തയ്യാറായി. അതിനിടയിൽ കൂട്ടുകാർക്കൊപ്പം കഴിയും. കുട്ടികളുടെ പന്തുകളികണ്ട ഒരു പഴയ കളിക്കാരനാണ് പെലെയുടെ മാന്ത്രിക വേലകൾ തിരിച്ചറിഞ്ഞത്. പന്ത്രണ്ടാം വയസിൽ സാന്റോസിന്റ ജൂനിയർ ടീമിലെത്തി. അതുമുതൽ പെലെ ഒരു ശമ്പളക്കാരനായി മാറി. ‘ആദ്യത്തെ ശമ്പളം വാങ്ങി മുഴുവൻ പണവും വീട്ടിൽ കൊടുത്തു, അതോടെ കുടുംബത്തിലെ പട്ടിണി മാറി’ പീന്നീട് ഒരിക്കൽ പെലെ ഇങ്ങനെ വിവരിച്ചു. പതിനാല് വയസാവുമ്പോഴേയ്ക്ക് പെലെയെ സീനിയർ ടീമിൽ ഉൾപ്പെടുത്തി. 1958 ലെ സ്വീഡനിലെ ലോകകപ്പിലാണ് 18 വയസ് തികയാത്ത കറുത്ത പെലെ ബ്രസീലിന്റെ ജഴ്‌സി അണിഞ്ഞത്. അന്നോളം ലോകകപ്പിൽ കാര്യമായി ശ്രദ്ധിക്കപ്പെടാതിരുന്ന ബ്രസീൽ ശ്രദ്ധാകേന്ദ്രവുമായി. കലാശക്കളിയിൽ സ്വീഡനെ 52 തകർത്തുകൊണ്ടാണ് ബ്രസീൽ ലോകകപ്പ് നേടിയെടുത്തത്. ലോകം മുഴുവൻ അറിയപ്പെടുന്ന കളിക്കാരനായി പെലെ വളർന്നത് സ്വീഡനിലെ ആ കളിയിലൂടെയാണ്.

62ൽ ചിലിയിലും ബ്രസീൽ ജേതാക്കളാകുന്നത് പെലെയുടെ മികവിലാണ്. ചെക്കോസ്ലോവാക്കിയ ആയിരുന്നു എതിരാളികൾ. കലാശക്കളിയിൽ 31 നാണ് തകർത്തത്. ലോകമാകെയുള്ള 140 രാജ്യങ്ങളിൽ കളിക്കാൻ കഴിഞ്ഞ ഏക കളിക്കാരൻ പെലെയാണ്. ഇന്ത്യയിൽ കൽക്കത്തയിൽ അദ്ദേഹം പ്രദർശന മത്സരത്തിൽ കളിച്ചു. പെലെയുടെ റെക്കോഡുകൾ ഇതുവരെയും ഭേദിക്കപ്പെടാതെ കിടക്കുന്നു. ലോകം മുഴുവൻ 1,364 മത്സരങ്ങളിലായി 1,282 ഗോളുകൾ നേടി. നിരവധി തവണ മികച്ച താരം. എണ്ണിയാൽ തീരാത്ത അസിസ്റ്റൻസ്. അങ്ങനെ ചരിത്രരേഖകളിൽ തിളങ്ങി നിൽക്കുന്ന അപൂർവത പെലെയുടെ പേരിലുണ്ട്. പെലെയുടെ ആദ്യ കളിത്തട്ട് എഫ്സി സാന്റോസും അവസാനത്തേത് ന്യൂയോർക്ക് കോസ്‌മോസുമാണ്.
കളിയിൽനിന്നു വിരമിച്ചതിനുശേഷം ബ്രസീലിയൻ രാഷ്ട്രീയത്തിൽ വരികയും സ്‌പോർട്‌സിന്റെ കൂടി ചുമതലയുള്ള മന്ത്രിയാവുകയും ചെയ്തു. ഗവൺമെന്റിന്റെ പ്രവർത്തനത്തിൽ അഴിമതിക്കറ വന്നപ്പോൾ രാജി എഴുതിക്കൊടുത്ത് ഫുട്‌ബോൾ ഗ്രൗണ്ടിൽ വന്നിരുന്നു. ആധുനിക ഫുട്‌ബോളിൽ സിസർകട്ടിന്റെ പ്രാവീണ്യം ശാസ്ത്രീയമായ ചർച്ചയാവുമ്പോൾ, ലോകത്തിന് ആദ്യമായി ആ അത്ഭുതം കാണിച്ചുകൊടുത്തത് പെലെ ആണ്.പെലെയുടെ കളിയിൽ പൊസിഷൻ ഫോർവേർഡ് ആണ്. എന്നാൽ ഫോർവേഡായും മിഡ്ഫീൽഡറായും ഡിഫന്ററായും ഗോൾ കീപ്പറായും നന്നായി കളിക്കാൻ കഴിയുന്ന ഏക കളിക്കാരൻ പെലെയാണ്.

ഫുട്‌ബോളിനെ നെഞ്ചിലേറ്റി വൈവിധ്യമാർന്ന കളിരീതികളിലൂടെ ലോക ഫുട്‌ബോളിൽ കറുത്ത മനുഷ്യരുടെ ജീവിതതാളം സാർവ്വത്രിക അംഗീകാരമാക്കി മാറ്റിയ കറുത്ത മുത്ത്. പെലെ… എൺപതിന്‍റെ നിറവിൽ നിൽക്കുമ്പോൾ ഫുട്‌ബോൾ ലോകം ആവേശംകൊള്ളുകയാണ്.