‘മുഖ്യമന്ത്രീ അങ്ങ് പറഞ്ഞത് തെറ്റാണ്, പഞ്ചാബില്‍ മദ്യശാലകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയാണോ?’ : പി.സി വിഷ്ണുനാഥ്

Jaihind News Bureau
Tuesday, March 24, 2020

കൊവിഡ് ഭീഷണിയെ തുടർന്ന് സംസ്ഥാനം മുഴുവന്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചപ്പോഴും ബെവ്കോയെ തൊട്ടുകളിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി കൂട്ടുപിടിച്ചത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്‍റെ ട്വീറ്റായിരുന്നു. അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഗ്രോസറിക്ക് ശേഷം ബിവറേജസുമുണ്ട് എന്ന് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പറ്റിയ തെറ്റ് ചൂണ്ടിക്കാണിക്കുകയാണ് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ്.

പഞ്ചാബില്‍ ലോക്ക്ഡൌണിന്‍റെ ഭാഗമായി മദ്യഷാപ്പുകള്‍ എല്ലാം അടയ്ക്കാന്‍ സർക്കാര്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ ബിവറേജസിന്‍റെ കൂട്ടത്തില്‍ മദ്യം ഉള്‍പ്പെടില്ല. ചായ, കാപ്പി, മറ്റ് പാനീയങ്ങള്‍ എന്നിവയാണ് ഈ പട്ടികയില്‍ വരിക. ഈ വസ്തുത മറച്ചുവെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ട്വീറ്റ് തെറ്റിദ്ധാരണാജനകമായി ചൂണ്ടിക്കാട്ടിയത്. എന്ത് ന്യായം പറഞ്ഞും ബെവ്കോ തുറന്നുവെക്കണമെന്ന ദുർവാശിക്ക് പഞ്ചാബ് മുഖ്യമന്ത്രിയുടെ ട്വീറ്റ് ദുരുപയോഗം ചെയ്യുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തത് ശരിയാണോ എന്നും പി.സി വിഷ്ണുനാഥ് ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ വാക്ക് ഏറ്റുപിടിച്ച് സൈബര്‍ സഖാക്കളും ഇത്തരത്തില്‍ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തിയിരുന്നു. സംസ്ഥാനമൊട്ടാകെ കർശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ആ നിയന്ത്രണങ്ങള്‍ പാലിക്കാത്ത ബെവ്കോയെ മാത്രം ഒഴിവാക്കുന്നതിലൂടെ കൊവിഡ് ജാഗ്രതയില്‍ സർക്കാരിന്‍റെ ആത്മാർത്ഥത തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

പി.സി വിഷ്ണുനാഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

“ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അങ്ങയെ ഞാൻ വിനയത്തോടെ തിരുത്തുന്നു. അങ്ങിന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞ ബിവറേജ്, കേരളത്തിലെ ‘ബെവ്കോ’ പോലെ പഞ്ചാബിലെ സർക്കാർ നിയന്ത്രിത മദ്യഷാപ്പുകൾ അല്ല-

മുഖ്യമന്ത്രിയുടെ മാധ്യമ സമ്മേളനത്തിൽ ‘ബെവ്ക്കോ’ തുറന്നു വെയ്ക്കുന്നത് തെറ്റായ സന്ദേശം നൽകില്ലേയെന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനു, പഞ്ചാബിലെ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ട്വീറ്റ് അദ്ദേഹം വായിച്ചു – അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഗ്രോസറിക്കു ശേഷം ബിവറേജ് ഉണ്ട്, അതുകൊണ്ട് ഇവിടെ ‘ബെവ്കോ’ ഔട്ട്ലെറ്റുകൾ തുറക്കാം എന്നാണ് അദ്ദേഹം ന്യായീകരിച്ചത്.

എന്നാൽ പാനീയങ്ങൾ എന്ന അർത്ഥത്തിലുള്ള ബിവറേജസ് ആണത്. അതിൽ ചായയും, കാപ്പിയും, മദ്യവും, ജ്യൂസും ഉൾപ്പെടുമെങ്കിലും, പഞ്ചാബിൽ ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യഷാപ്പുകൾ അടയ്ക്കുവാൻ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു . ചത്തീസ്ഗഢിലും മദ്യഷാപ്പുകൾ അടച്ചു.

ഏതു വിധേനയും മദ്യഷാപ്പുകൾ തുറക്കുമെന്നുള്ള ദുർവാശിക്ക് പഞ്ചാബ് മുഖ്യമന്ത്രിയെ കൂട്ടുപിടിച്ചതും, കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതും ശരിയാണോ?

ദേശിയ മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകരടക്കം നമ്മെ പരിഹസിക്കുന്നതിനു അനുവദിക്കണമായിരുന്നോ?”

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്:

https://www.youtube.com/watch?v=BWGUoRsbR70