ഫൈസൽ ഫരീദിന്‍റെ പാസ്പോർട്ട് റദ്ദാക്കി; യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ

Jaihind News Bureau
Thursday, July 16, 2020

സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്‍റെ പാസ്പോർട്ട് കേന്ദ്ര സർക്കാർ റദ്ദാക്കി. ഫൈസൽ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി കസ്റ്റംസിന്‍റെ ആവശ്യപ്രകാരമാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ നടപടി. ആഭ്യന്തരമന്ത്രാലയത്തേയും ബ്യൂറോ ഓഫ് ഇമിഗ്രേഷനേയും വിവരം അറിയിച്ചു. ഇതോടെ ഫൈസലിന് ഇനി യുഎഇയില്‍ തുടരാനാവില്ല.

അതേസമയം, പാസ്പോർട്ട് റദ്ദാക്കിയതിന് പിന്നാലെ യുഎഇ ഫൈസൽ ഫരീദിന് യാത്രാവിലക്ക് ഏർപ്പെടുത്തി. ഫൈസലിനെ ചോദ്യം ചെയ്യുന്നതോടെ കേസിലെ നിർണായക ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുമെന്നാണ് കരുതുന്നത്.

കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരിൽ യുഎഇയിൽ നിന്ന് സ്വർണം അയച്ചതെന്ന് കണ്ടെത്തിയിരുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പേര് ഉയർന്നു വന്നപ്പോൾ ആരോപണം നിഷേധിച്ച് ഫൈസൽ രംഗത്തെത്തിയുന്നുവെങ്കിലും മണിക്കൂറുകൾക്കകം ദുബായിലെ താമസസ്ഥലത്തുനിന്നു മുങ്ങുകയായിരുന്നു.

ഫൈസൽ ഫരീദിനെതിരേ എൻഐഎ കോടതി ജാമ്യമില്ലാ വാറന്‍റും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ഇന്‍റർപോൾ വഴി ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. ഉടൻ തന്നെ ഫൈസലിനെ പിടികൂടി ഇന്ത്യക്ക് കൈമാറാനുള്ള നീക്കങ്ങള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. നയതന്ത്രതലത്തില്‍ ഇതിനുവേണ്ടിയുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.