പരുമല ആശുപത്രിയിലെ കൊലപാതകശ്രമം ആസൂത്രിതം; അനുഷ എത്തിയത് കൊല്ലാനുറപ്പിച്ച്

Jaihind Webdesk
Sunday, August 6, 2023

 

പത്തനംതിട്ട: പരുമല ആശുപത്രിയിലെ കൊലപാതകശ്രമക്കേസിലെ പ്രതി അനുഷയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കസ്റ്റഡി അപേക്ഷ പോലീസ് ഇന്ന് സമർപ്പിക്കും. സ്നേഹയുടെ ഭർത്താവ് അരുണിനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അനുഷ ആശുപത്രിയിൽ എത്തിയത് സ്നേഹയെ കൊല്ലാനുറപ്പിച്ചായിരുന്നുവെന്ന് പോലീസി‍ന്‍റെ റിമാൻഡ് റിപ്പോർട്ട്.

പ്രതിക്ക് വൈദ്യശാസ്ത്രപരമായ അറിവുണ്ട്. എയർ എംബോളിസം പ്രയോഗിച്ചത് പൂർണ്ണ ബോധ്യത്തോടെയാണ്. വധശ്രമത്തിന് കാരണം പരാതിക്കാരിയുടെ ഭർത്താവുമായി സനുഷയ്ക്കുള്ള അടുപ്പമാണെന്നും അനുഷ എത്തിയത് കൊല്ലാനുറപ്പിച്ചാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. സ്നേഹയുടെ ഭർത്താവ് അരുണിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അരുണിന് ഇതിൽ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് സ്നേഹയുടെ പിതാവ് സുരേഷ് പറഞ്ഞു.

കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയിരുന്നു സനുഷ. അരുണുമായി വർഷങ്ങളായുള്ള പരിചയമുണ്ട്. സനുഷയുടെ ആദ്യ വിവാഹം വേർപെട്ടതാണ്. ഇപ്പോഴുള്ള ഭർത്താവ് വിദേശത്താണ്. സ്നേഹയുടെ ഫോൺ ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സനുഷയ്ക്ക് മറ്റാരുടെ എങ്കിലും സഹായം ലഭ്യമായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സനുഷയെ കസ്റ്റഡിയിൽ എടുത്ത് വിശദമായ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പോലീസ് നിഗമനം.