പാർട്ടി പത്രത്തിനു വേണ്ടി വായ്പയെടുത്തു; കടക്കെണിയിലായ സിപിഎം മുൻ ലോക്കൽ കമ്മറ്റി അംഗം ജോസ് മാതൃൂ ജീവനൊടുക്കി

Jaihind Webdesk
Friday, August 23, 2024

 

എറണാകുളം: സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നും പാർട്ടി നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരം വായ്പയെടുത്ത മുൻ ലോക്കൽ കമ്മിറ്റി അംഗം ജോസ് മാതൃൂ ജീവനൊടുക്കി. താൻ വഞ്ചിക്കപ്പെട്ടത് സംബന്ധിച്ച് ജോസ് കെ. മാത്യു സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് ഇതിന് പിന്നാലെ പ്രചരിച്ചിരുന്നു. എന്നാൽ ജോസിന്‍റെ കത്ത് കിട്ടിയതായി ഓർമ്മയില്ലെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചു.

കത്തിൽ പറയുന്നത് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു റസിഡന്‍റായ എരമല്ലൂർ അർബൻ സഹകരണ ബാങ്കിൽ നിന്നും ലോക്കൽ കമ്മിറ്റി തീരുമാനപ്രകാരം താൻ ഉൾപ്പെടെ പന്ത്രണ്ട് ആളുകളുടെ പേരിൽ അമ്പതിനായിരം രൂപ വീതം പരസ്പര ജാമ്യത്തിൽ വായ്പയെടുത്തു. പാർട്ടി പത്രത്തിന് വാർഷിക വരിക്കാരെ ചേർക്കുന്നതുമായി ബന്ധപ്പെട്ടാണ് വായ്പെടുത്തത്. വരിക്കാരെ ചേർത്തതിന്‍റെ പണം പാർട്ടിയെ ഏൽപ്പിച്ചെങ്കിലും ബാങ്കിൽ എത്തിയിട്ടില്ല. ചിട്ടിയിൽ ചേർന്ന് വായ്പ തിരിച്ചടയ്ക്കാൻ ആയിരുന്നു ലോക്കൽ കമ്മിറ്റി തീരുമാനം ഇതിനായി മാസം 500 രൂപ വീതം തന്നോട് ആവശ്യപ്പെട്ടു. അത് കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കോടതിയിൽ നിന്നും നോട്ടീസ് കിട്ടി. രോഗത്തിന് ചികിത്സയിലാണെന്നും മത്സ്യ കൃഷിയാണ് ഉപജീവനം മാർഗ്ഗം, ജപ്തിയോ അറസ്റ്റോ ഉണ്ടായാൽ ആത്മഹത്യ അല്ലാതെ വഴിയില്ല എന്നും കത്തിൽ പറയുന്നു.

പാർട്ടി പത്രത്തിനു വേണ്ടി വായ്പയെടുത്തു പണം കൊടുത്ത പലരുടെയും ജീവിതം ഇന്ന് പ്രതിസന്ധിയിലാണ്. സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ പറയുന്നത് വായ്പ എടുത്തതിന്‍റെ പേരിൽ ജപ്തി നോട്ടീസ് നേരിടുന്നതായി പലരുടെയും കത്ത് കിട്ടിയിട്ടുണ്ട് എല്ലാം പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. ഇതിനുമുമ്പും കായംകുളത്ത് കുട്ടൻ സഖാവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് വന്നതാണ്. കൃഷ്ണപുരം, കണ്ടല്ലൂർ, പുതുപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ പ്രവർത്തകരും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്.