BJP ഉള്‍പാര്‍ട്ടി പോര് ശക്തം; ഗോവ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തിയേക്കും

Jaihind Webdesk
Friday, September 14, 2018

ഗോവ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തിയേക്കുമെന്ന് സൂചന. ബി.ജെ.പിയിൽ ഉൾപാർട്ടി പോര് രൂക്ഷമായതോടെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും നടത്തിയേക്കുമെന്നാണ് അഭ്യൂഹം.

മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മോശം ആരോഗ്യസ്ഥിതിയും പാര്‍ട്ടിയിലെയും സഖ്യ കക്ഷികളിലെയും ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ രൂക്ഷമായതുമാണ് ബി.ജെ.പി നേതൃത്വത്തെ ഇടക്കാല തെരഞ്ഞെടുപ്പിന് പ്രേരിപ്പിക്കുന്നത്. അതിനിടെ ഗോവ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോഡാങ്കര്‍ ഗവര്‍ണറെ കണ്ടത് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു.
ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ട ചോഡാങ്കര്‍, നിയമസഭ പിരിച്ചുവിടരുതെന്നും, മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ രാജിവെച്ചാല്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു.
ഇക്കാര്യം വ്യക്തമാക്കുന്ന നിവേദനവും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി.

https://www.youtube.com/watch?v=O8J36ISHfA0

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് ബി.ജെ.പി എം.എല്‍.എമാര്‍ക്കും നേതാക്കള്‍ക്കും മേലുള്ള പിടി നഷ്ടമായി. അമേരിക്കയില്‍ ചികിത്സയ്ക്ക് പോയ മനോഹര്‍ പരീക്കര്‍ തിരിച്ചെത്തിയെങ്കിലും, ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തിട്ടില്ല. സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ നിയമസഭ പിരിച്ചുവിട്ട് കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുപ്പിനെ നേരിടാനാണ് പരീക്കര്‍ ശ്രമിക്കുന്നതെന്നും ഗിരീഷ് ചോഡാങ്കര്‍ ആരോപിച്ചു.

കോണ്‍ഗ്രസ് നേതാവ് ചോഡാങ്കറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച്‌ ബി.ജെ.പി രംഗത്തെത്തി. നിയമസഭ പിരിച്ചുവിടുന്നതിനെ കുറിച്ച്‌ പാര്‍ട്ടി ആലോചിച്ചിട്ടു പോലുമില്ല. നേരത്തെ കാലാവധി കഴിയുന്നതിന് മുമ്പ്തെലങ്കാന നിയമസഭ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു പിരിച്ചുവിട്ടിരുന്നു.