പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷനില്‍ പാര്‍ലമെന്‍റ് പ്രക്ഷുബ്ധം : നടപടി ചട്ടവിരുദ്ധമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷനില്‍ പാര്‍ലമെന്‍റ്  പ്രക്ഷുബ്ധം. സസ്പന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്‍റിന്‍റെ  ഇരു സഭകളും പല തവണ തടസ്സപ്പെട്ടു. എംപി മാരുടെ സസ്‌പെന്‍ഷന്‍ ചട്ടവിരുദ്ധമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.  അതേസമയം സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്നും തീരുമാനം അന്തിമമാണെന്നും രാജ്യസസഭാ അധ്യക്ഷന്‍ വെങ്കയ്യനായിഡു വ്യക്തമാക്കി.

രാജ്യസഭയില്‍ ചോദ്യോത്തര വേളയുടെ തുടക്കത്തില്‍ തന്നെ 12 എം.പിമാരെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സസ്‌പെന്‍ഷന്‍ ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെ പറഞ്ഞു.  എംപി മാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നലല്‍കിയില്ലെന്നും പ്രതിപക്ഷം രാജ്യസഭയില്‍ മാപ്പ് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് രാജ്യസസഭാ അധ്യക്ഷന്‍ വെങ്കയ്യനായിഡു വ്യക്തമാക്കി. തീരുമാനം അന്തിമമാണെന്നും രാജ്യസഭാ അധ്യക്ഷന്‍ പറഞ്ഞു. രാജ്യസഭാ അധ്യക്ഷന്‍റെ പ്രസ്താവനക്ക് പിന്നാലെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.പിന്നാലെ സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
ലോക്‌സഭയിലും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തുടക്കത്തില്‍ തന്നെ ലോക്‌സഭ നിര്‍ത്തിവക്കേണ്ടി വന്നു.പാര്‍ലമെന്‍റിലെ ഗാന്ധി പ്രതിമക്ക് മുന്നിലും പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു.

വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ നാളെ പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണ നടത്തും. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലാണ് പ്രതിഷേധം.

Comments (0)
Add Comment