കെടാതെ, നെഞ്ചിലെ ചിത: വേദനയില്‍ നീറി ആ അച്ഛന്മാര്‍ ഒത്തുചേര്‍ന്നു…

വേദന കടിച്ചിറക്കിയായിരുന്നു ഷുഹൈബിന്‍റെ പിതാവ് എസ്.പി.മുഹമ്മദ് പെരിയ കല്യാട്ടെ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ട വീട്ടില്‍ എത്തിയത്. ഷുഹൈബ് സിപിഎമ്മിന്‍റെ കൊലക്കത്തിയില്‍ അവസാനിച്ച വാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ അനുഭവിച്ച അതേ വേദനയിലൂടെ കടന്നുപോകുന്ന കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അച്ഛന്മാരെ  വീട്ടില്‍ എത്തി കണ്ടു.  ആദ്യമായി കൃപേഷിന്‍റെ വീട്ടിലേയ്ക്കായിരുന്നു ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് എത്തിയത്. വീടിന് പുറത്ത് താത്കാലികമായി കെട്ടി ഉയര്‍ത്തിയ ഷെഡ്ഡില്‍ കരഞ്ഞു തളര്‍ന്നിരിക്കുകയായിരുന്നു കൃപേഷിന്‍റെ അച്ഛന്‍ കൃഷ്ണന്‍. ഷുഹൈബിന്‍റെ ഉപ്പയാണെന്ന് ഒപ്പമുള്ളവര്‍ പരിചയപ്പെടുത്തിയപ്പോള്‍ മുഹമ്മദിന്‍റെ കൈകള്‍ തോളിലേയ്ക്ക് ചേര്‍ത്ത് പിടിച്ച് കൃഷ്ണന്‍ വീണ്ടും കരയുകയായിരുന്നു. നമ്മുടെ വിധി ഇങ്ങനെ ആയല്ലോ എന്ന് കൃഷ്ണന്‍ പറഞ്ഞപ്പോള്‍ മുഹമ്മദും നിയന്ത്രണം വിട്ട് വിതുമ്പി.

ഇങ്ങനെ കൊന്നിട്ട് അവര്‍ എന്ത് ചെയ്യാനാണ്. പണിക്ക് പോയി അവനെ പോറ്റിയത് കൊലയ്ക്ക് കൊടുക്കാനായിരുന്നില്ലല്ലോ എന്ന് പറഞ്ഞ് ഏങ്ങലടിച്ച് കൃഷ്ണന്‍, കൊന്നവരെയും കൊല്ലിച്ചവരെയും കൊല്ലാന്‍ പണം കൊടുത്തവരെയും പിടികൂടുമോ ചോദിക്കുമ്പോള്‍ മുന്നില്‍ നിസ്സഹായനായി നോക്കി നില്‍ക്കാനേ മുഹമ്മദിന് കഴിഞ്ഞുള്ളൂ.

ശരത് ലാലും ഷുഹൈബിനെ പോലെ തന്നെയായിരുന്നു എന്നായിരുന്നു ശരത്തിന്‍റെ പിതാവ് സത്യനാരായണന്‍ മുഹമ്മദിന്‍റെ കൈപിടിച്ചുകൊണ്ട് പറഞ്ഞത്. നാട്ടിലെ എല്ലാ ആവശ്യത്തിനും അവന്‍… ശരത്ത് മുന്നിലുണ്ടായിരുന്നു… അവനെ ഒന്ന് കാണാന്‍ പോലും കിട്ടാറില്ലായിരുന്നു… ‘വിതുമ്പിക്കൊണ്ട് സത്യനാരായണന്‍ ഇത്രയും പറഞ്ഞപ്പോള്‍ തന്നെ ഷുഹൈബിന്‍റെ പിതാവിനും കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. പരസ്പരം അവര്‍ ആശ്വസിപ്പിക്കുമ്പോഴും അവരുടെ ഉള്ളകം പൊള്ളുകയായിരുന്നു.

Comments (0)
Add Comment