കൊച്ചി: പറവൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ 24 പേർക്കെതിരെ വിജിലന്‍സ് കേസെടുത്തു. പറവൂർ ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 24 പേർക്കെതിരെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി കേസെടുത്തത്.
ഇൻകം ടാക്സിന്‍റെ പേരിൽ നടന്ന കോടികളുടെ തട്ടിപ്പിലാണ് കേസ്. ഇതിനു പുറമേ ഷൈനജ സുധീർ കുമാർ എന്ന വ്യക്തിക്കായി നടത്തിയ വായ്പാ തട്ടിപ്പിന്‍റെ പേരിലും കേസെടുത്തിട്ടുണ്ട്. ബാങ്കിന്‍റെ മുൻ പ്രസിഡന്‍റുമാരായ ടി.വി. നിധിൻ, എം.എ. വിദ്യാസാഗർ, ഇ.പി. ശശിധരൻ, കെ.എ. വിദ്യാനന്ദൻ, നിലവിലെ പ്രസിഡന്‍റ് സി.പി. ജിബു, സെക്രട്ടറി കെ.എസ്. ജയശ്രീ, മുൻ സെക്രട്ടറി പി. കൃഷ്ണകുമാർ, 2014 മുതൽ നിലവിൽ ഭരണ സമിതി അംഗങ്ങളായിരുന്നവരടക്കം 24 പേർക്കെതിരെയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തത്. ഷൈനജ സുധീർ കുമാറിനേയും പ്രതി ചേർത്തിട്ടുണ്ട്.