പാനൂർ കൊലപാതകം ; ‘മുഹ്സിന് പണികൊടുക്കണം’, ഗൂഢാലോചന വാട്സാപ്പിലൂടെ

കണ്ണൂര്‍: പാനൂർ കൊലപാതകത്തില്‍  ഗൂഢാലോചന നടത്തിയത് വാട്സാപ്പ് സന്ദേശങ്ങളിലൂടെ. റിമാന്‍ഡിലായ പ്രതി ഷിനോസിന്‍റെ വാട്സാപ്പില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ആക്രമണം നടന്ന സ്ഥലത്ത് നിന്നാണ് പൊലീസിന് ഫോണ്‍ ലഭിച്ചത്. കൊല്ലപ്പെട്ട മൻസൂറിന്‍റെ സഹോദരൻ മുഹ്സിന് പണികൊടുക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങൾ വാട്സാപ്പിലുണ്ട്. കൊലപാതകത്തിനായുള്ള ആയുധങ്ങള്‍ ശേഖരിച്ചത് വാട്സാപ്പ് മെസേജിലൂടെയെന്നാണ് നിഗമനം. ചില മെസേജുകൾ ഡിലീറ്റ് ചെയ്തിട്ടുമുണ്ട്. മൊബൈൽ ഫോണ്‍ സൈബർ സെല്ലിന് കൈമാറി. മന്‍സൂറിന്‍റെ കൊലപാതകത്തിന് ദൃക്സാക്ഷികളായ എല്ലാവരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തും. ഇതിന് ശേഷം പ്രതിപ്പട്ടിക വിപുലപ്പെടുത്തും. കേസില്‍ ഒളിവില്‍ കഴിയുന്ന 24 പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

കണ്ണൂർ, പാനൂർ മേഖലകളിലാണ് പ്രതികള്‍ക്കായി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നത്. നാട്ടുകാരും ലീഗ് പ്രവർത്തകരും ചേർന്ന് പിടിച്ചുകൊടുത്ത ഒരു പ്രതിയല്ലാതെ മറ്റാരെയും പൊലീസ് ഇതുവരെ കസ്റ്റഡിയിൽ പോലും എടുത്തിട്ടില്ലെന്ന് കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു.പൊലീസിനെതിരെ വിമർശനം ശക്തമായ സാഹചര്യത്തിൽ അന്വേഷണസംഘത്തെ രണ്ടായി തിരിച്ചാണ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നത്. രണ്ട് സിഐമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളായാണ് പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചിട്ടുള്ളത്. കേസിന്‍റെ അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഇസ്മായീൽ ഇന്നലെ രാത്രി മുഹ്സിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു. മുഹ്സീനിൽ നിന്ന് വിശദമായ മൊഴിയും ഡിവൈഎസ്പി രേഖപ്പെടുത്തി.

Comments (0)
Add Comment