തദ്ദേശ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന് വന്‍ മുന്നേറ്റം; അടിതെറ്റി എല്‍ഡിഎഫ്

Jaihind Webdesk
Thursday, November 10, 2022

സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന  ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ യു ഡി എഫിനു വന്‍ മുന്നേറ്റം.

കോഴിക്കോട്
ഉപതിരഞ്ഞെടുപ്പ് നടന്ന കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി ഒന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റസീന പൂക്കോട്  272 വോട്ടിന് വിജയിച്ചു. 17 വര്‍ഷത്തിനുശേഷം ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ ഒന്നാം വാര്‍ഡ് അട്ടിമറി ജയത്തോടെ യുഡിഎഫ് സ്വന്തമാക്കുകയായിരുന്നു.
തുറയൂർ പഞ്ചായത്തിലെ പയ്യോളി അങ്ങാടി വാർഡ് യുഡിഎഫ് നിലനിർത്തി. 383 വോട്ടുകൾക്ക് സിഎ നൗഷാദ് വിജയിച്ചു.

തൃശ്ശൂര്‍

വടക്കാഞ്ചേരി നഗരസഭ മിണാലൂര്‍ സെന്‍റര്‍ ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അട്ടിമറി വിജയം. സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉദയബാലന്‍ പിടിച്ചെടുത്തു . 110 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. യു.ഡി.എഫ് ആകെ 578 വോട്ടുകള്‍ നേടി ,എല്‍.ഡി.എഫ് 468, ബി.ജെ.പി 148 എന്നിങ്ങനെയാണ് വോട്ടുനില

തിരുവനന്തപുരം

സിപിഎം കോട്ടയായിരുന്ന പഴയകുന്നിന്മേല്‍ പഞ്ചായത്തിലെ മഞ്ഞപ്പാറ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ഉജ്ജ്വല ജയം. 45 വര്‍ഷത്തോളം സിപിഎമ്മിന്‍റെ കുത്തയായിരുന്ന വാര്‍ഡാണ് ഉപതെരഞ്ഞെടുപ്പിലൂടെ യുഡിഎഫിലെ എം.ജെ. ഷൈജ പിടിച്ചെടുത്തത്. 45 വോട്ടുകള്‍ക്കായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം.

വയനാട്

കല്‍പറ്റ അസംബ്ലി മണ്ഡലത്തിലെ കണിയാമ്പറ്റ നാലാം വാര്‍ഡ് ചിത്രമൂലയില്‍ യുഡിഎഫിനു ജയം. സിപിഎമ്മിന്‍റെ കുത്തക സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കമ്മിച്ചല്‍ റഷീദ് വിജയിച്ചു.

എറണാകുളം

കീരമ്പാറ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു.41 വോട്ടാണ് ഭൂരിപക്ഷം.യുഡിഎഫിലെ സാന്‍റി ജോസ് ആണ് വിജയിച്ചത്.ഇതോടെ ഭരണസമിതിയില്‍ യൂഡിഎഫിന് ഭൂരിപക്ഷം ലഭിച്ചു. എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു.

പൂത്തൃക്ക പഞ്ചായത്ത് കുറിഞ്ഞി വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസിലെ മോന്‍സി പോള്‍ 135 വോട്ടിന് വിജയിച്ചു.

ഇടുക്കി

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷനിലെ എൽഡിഎഫ് സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.യുഡിഎഫ് സ്ഥാനാർഥി അഡ്വ. ആൽബർട്ട് ജോസ് 299 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

പാലക്കാട്

കുത്തനൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ  യുഡിഎഫിന് 381 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം. യുഡിഎഫ് സ്ഥാനാർഥി ആർ.ശശിധരനാണു സിപിഎമ്മിനെ തോൽപിച്ചത്

ആലപ്പുഴ

മുതുകുളം നാലാം വാർഡിൽ യുഡിഎഫ് ജയിച്ചു.

ചെങ്ങന്നൂർ പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് നാടകീയ വിജയം. കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് വല്യാനൂർ 40 വോട്ടുകൾക്കാണ് സിപിഎം സ്വതന്ത്ര സ്ഥാനാർഥി ആശ വി.നായരെ പരാജയപ്പെടുത്തിയത്. ആശ ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നതോടെ പഞ്ചായത്തംഗത്വം രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാർഥിയായി കഴിഞ്ഞ തവണ ആശയോടു മത്സരിച്ചു പരാജയപ്പെട്ട ജോസ് വല്യാനൂരാണ് ഇത്തവണ ജയിച്ചത്. വോട്ട് നില: കോൺഗ്രസ് – 260, സിപിഎം – 220, ബിജെപി – 116

പാലമേൽ 11-ാം വാർഡിൽ യുഡിഎഫ് ജയിച്ചു.

കാർത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ ബിജെപി ജയിച്ചു. സിപിഎം മൂന്നാം സ്ഥാനത്ത്. സിപിഎം അംഗം തുടർച്ചയായി യോഗങ്ങൾക്കു ഹാജരാകാത്തതിനാൽ അയോഗ്യനായതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ട് നില: ബിജെപി 286, കോൺഗ്രസ് 209, സിപിഎം 164.

തിരഞ്ഞെടുപ്പ് നടന്ന 5 വാർഡുകളിൽ യുഡിഎഫിന് ഒരു സീറ്റും ഇല്ലായിരുന്നു. ഇപ്പോൾ 3 സീറ്റ് നേടി.