കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ഡിഡിഇ നല്‍കിയത് സത്യവിരുദ്ധമായ റിപ്പോര്‍ട്ടാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന പ്രതികരിച്ചു. സര്‍ക്കാരിന് രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്. സ്‌കൂളിന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. യൂണിഫോം നിശ്ചയിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് അധികാരമുണ്ടെന്നും, കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ലെന്നും സിസ്റ്റര്‍ ഹെലീന മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ ഇന്ന് തുറന്നു. എന്നാല്‍, ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാര്‍ഥിനി ഇന്ന് സ്‌കൂളില്‍ എത്തിയില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ് അറിയിച്ചു.
ഹിജാബ് വിവാദത്തില്‍ ഹൈബി ഈഡന്‍ എം.പി.യുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയില്‍ രക്ഷിതാവും സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. ഇതിന് പിന്നാലെ സ്‌കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടര്‍ന്നും കുട്ടിയെ ഇതേ സ്‌കൂളില്‍ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് അറിയിച്ചതായി ഹൈബി ഈഡന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
സ്‌കൂള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കാന്‍ തയ്യാറാണെന്നും, വര്‍ഗീയവാദികള്‍ക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും കുട്ടിയുടെ പിതാവ് അനസ് വ്യക്തമാക്കി. ബിജെപി, ആര്‍.എസ്.എസ്. ശക്തികള്‍ ബോധപൂര്‍വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും വര്‍ഗീയമായ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഹൈബി ഈഡന്‍ എം.പി. പറഞ്ഞു.