ഖനന തീരുമാനം റദ്ദാക്കണം, ഇക്കാര്യത്തിലും ‘യൂ ടേണ്‍’  പ്രതീക്ഷിക്കുന്നു: രമേശ് ചെന്നിത്തല

Jaihind News Bureau
Friday, June 26, 2020

തിരുവനന്തപുരം: ടെക്‌നോസിറ്റിയുടെ ഭൂമിയില്‍ നിന്നും കളിമണ്‍ ഖനനം ചെയ്യാനുള്ള തീരുമാനം റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ടെക്‌നോസിറ്റിയെ തകര്‍ക്കുന്ന നടപടിയാണിത്. പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയിലെ മണല്‍ കടത്തില്‍ ആദ്യം ഇടപെട്ട കമ്പനിയാണ് ടെക്നോസിറ്റിയിലെ കളിമണ്‍ ഖനനത്തിനും പിന്നില്‍.  യൂ ടേണ്‍ അടിക്കുന്ന സർക്കാർ ഈ നടപടിയില്‍ നിന്നും പിന്‍വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ടെക്‌നോപാര്‍ക്കിന്‍റെ നാലാംഘട്ടമായ ടെക്‌നോസിറ്റിക്ക് വേണ്ടി പള്ളിപ്പുറത്ത് ഏറ്റെടുത്ത ഭൂമിയില്‍ കളിമണ്‍ ഖനനത്തിന് വിവാദ നീക്കവുമായി സർക്കാർ. സി.പി.എം നേതാവ് ചെയര്‍മാനായ കേരള സംസ്ഥാന മിനറല്‍ ഡെവലപ്‌മെന്‍റ് കോര്‍പറേഷന്‍റെ (കെംഡല്‍) നേതൃത്വത്തിലാണ് ഖനനത്തിന് വഴിയൊരുങ്ങുന്നത്. പള്ളിപ്പുറം ഉള്‍പ്പെടുന്ന മംഗലപുരം പഞ്ചായത്തില്‍ ഖനനം നിരോധിച്ചുള്ള സുപ്രീം കോടതി ഉത്തരവ് തന്നെ കാറ്റില്‍ പറത്തിക്കൊണ്ടാണ് നടപടി . സി.പി.എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ മടവൂർ ബി.എസ് അനിലാണ് കേരള സംസ്ഥാന മിനറല്‍ ഡെവലപ്‌മെന്‍റ് കോര്‍പറേഷന്‍റെ ചെയര്‍മാന്‍. ഇയാളുടെ നേതൃത്വത്തില്‍ കെംഡലിന്‍റെ തിരുവനന്തപുരത്തെ ഓഫീസില്‍ കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് യോഗം ചേർന്നിരുന്നു.

നേരത്തെ പമ്പയില്‍ അടിഞ്ഞുകൂടിയ കോടികള്‍ വിലമതിക്കുന്ന മണല്‍, സി.പി.എം നേതാവ് സി.കെ ഗോവിന്ദന്‍ ചെയര്‍മാനായ ക്ലേയ്സ് ആന്‍ഡ് സെറാമിക് പ്രൊഡക്റ്റ്‌സിന് വില്‍ക്കാനുള്ള നീക്കവും വിവാദമായിരുന്നു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയാണുണ്ടായത്. അതേസമയം മണല്‍ നീക്കത്തിന് ആദ്യം ശ്രമിച്ചത് കെംഡൽ ആണെന്നതും നീക്കങ്ങളില്‍ സംശയമുണര്‍ത്തുന്നു. ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം വിവാദമായതിന് പിന്നാലെയാണ് പള്ളിപ്പുറത്തും കളിമൺ ഖനനം നടത്താനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

ടെക്‌നോസിറ്റിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ അടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. 2006 ലാണ് ടെക്‌നോസിറ്റിക്ക് വേണ്ടി 514 ഏക്കര്‍ ഏറ്റെടുക്കുന്നത്. സ്‌ഥലം ഏറ്റെടുക്കുന്നതിന് സമവായമുണ്ടാക്കാൻ വിളിച്ച യോഗം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ അലങ്കോലപ്പെടുത്തിയിരുന്നു. ‘ഒരുവീടും ഏറ്റെടുക്കരുത്, ടെക്‌നോസിറ്റി വേണ്ടേ വേണ്ട ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഡി.വൈ.എഫ്.ഐ അന്ന് ഉയര്‍ത്തിയത്. ഇതേ ഭൂമിയിലാണ് ഇപ്പോള്‍ സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ ഖനന നീക്കം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.