സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കാന്‍ ക്യൂ നില്‍ക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്ന് എ.കെ ആന്റണി

Jaihind Webdesk
Tuesday, November 14, 2023

പിഎല്‍ഒ നേതാവ് യാസര്‍ അറാഫത്തിനെ അറബ് രാജ്യങ്ങള്‍ ഒഴികെ എല്ലാവരും ഭീകരന്‍ എന്നുവിളിച്ച് അധിക്ഷേപിച്ചപ്പോള്‍ അദ്ദേഹത്തെ ഡല്‍ഹിയില്‍ വിളിച്ച് ലോകരാഷ്ട്രത്തലവന്‍മാര്‍ക്ക് നല്‍കുന്ന എല്ലാ ബഹുമതികളോടെയും ആദരിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേതെന്ന് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി. പലസ്തീന്‍ വിഷയം ഉണ്ടായപ്പോള്‍ ചാഞ്ചാടിയ, റഷ്യയെ ആരാധിക്കുന്ന സിപിഎം സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുക്കാനുള്ള അപേക്ഷയുമായി ക്യൂനില്‍ക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.ആധുനിക ഇന്ത്യയുടെ ശില്പിയും പ്രഥമ പ്രധാനമന്ത്രിയും ആയിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ 134-ാംജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പരമാധികാര സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം വേണമെന്ന നിലപാടാണ് മഹാത്മാ ഗാന്ധിജിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലം മുതല്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. അതിന് ഇന്ന് വരെ ഒരു കോട്ടവും വന്നിട്ടില്ല. പലസ്തീന്‍ ജനയ്ക്ക് വേണ്ടി ഉറച്ച നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.

പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അല്ലായിരുന്നെങ്കില്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നത് പോലെ രാജ്യം ശിഥിലമാകുമായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയും മൗലികാവകാശങ്ങളും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിച്ച നെഹ്റു ബഹുസ്വരതയെ കണ്ണിലെ കൃഷ്ണമണിപോലെ പരിരക്ഷിച്ചു. കഴിഞ്ഞ 9 വര്‍ഷം നെഹ്റുവിനെ തമസ്‌കരിക്കാന്‍ മോദിയും ബിജെപിയും ശ്രമിച്ചിട്ടും ജനഹൃദയങ്ങളില്‍ അദ്ദേഹം ഹിമാലയം പോലെ വളരുകമാത്രമാണ് ചെയ്തത്. ആയിരം മോദിമാര്‍ ഒരുമിച്ച് ശ്രമിച്ചാലും ജനഹൃദയങ്ങളില്‍ നിന്ന് നെഹ്റുവിനെ തമസ്‌കരിക്കാന്‍ കഴിയില്ലെന്നും ആന്റണി പറഞ്ഞു.പലസ്തീന്‍ വിഷയത്തെ കുറിച്ച് നന്നായി അറിയാവുന്ന വ്യക്തിയാണ് താനെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ വ്യക്തമാക്കി. തന്റെ നിലപാട് എക്കാലവും പലസ്തീന്‍ ജനതയോടൊപ്പമാണ്. താന്‍ പലസ്തീന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവരുടെ ദുരിതം നേരിട്ട് മനസിലാക്കിയിട്ടുണ്ട്. പിഎല്‍ഒ നേതാവ് യാസര്‍ അരാഫത്തുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്.പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയതാണ്.

നെഹ്രുവിനെ അപകീര്‍ത്തിപ്പെടുത്തുകയെന്നാല്‍ പര്‍വതത്തിനു കല്ലെറിയുന്നതുപോലെയാണ്. ഇന്ത്യക്ക് അദ്ദേഹം നല്‍കിയ സംഭാവനകളുടെ പകിട്ടുകുറയ്ക്കാന്‍ ആര്‍ക്കുമാവില്ല. ശൈശവാവസ്ഥയിലുള്ള ജനാധിപത്യ സ്ഥാപനങ്ങളെ വളര്‍ത്തിയെടുത്തത് നെഹ്രുവാണ്. ആ സ്ഥാപനങ്ങളുടെ മഹത്വം ഇല്ലായ്മ ചെയ്യാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്. സാധാരണക്കാരനായ മോദിക്ക് പോലും ജനാധിപത്യ പ്രക്രിയയിലൂടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ അവസരം നല്‍കിയ നെഹ്റുവിനെയാണ് അവര്‍ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്ന് വിമര്‍ശിക്കുന്ന മുഖ്യമന്ത്രി സിപിഎം നേതാവ് കെകെ ശൈലജയുടെ പ്രസ്താവന കണ്ടില്ലേയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ചോദിച്ചു. ഉക്രൈനില്‍ മരിച്ചു വീഴുന്നവര്‍ക്ക് വേണ്ടി മാര്‍ക്സിസ്റ്റ് പാര്‍ട്ടി റാലി നടത്തിയിട്ടില്ല. ഇറാഖ് യുദ്ധത്തില്‍ സദ്ദാമിന് പിന്തുണ പ്രഖ്യാപിച്ച് ഇഎംഎസ് നേടിയ രാഷ്ട്രീയ ലാഭം കണ്ടാണ് പിണറായി വിജയന്‍ പലസ്തീന്‍ വിഷയത്തില്‍ ഇടപെടുന്നതെന്നും അത് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും ഹസന്‍ പറഞ്ഞു.കെപിസിസി വൈസ് പ്രസിഡന്റുമാരായ വി.പി.സജീന്ദ്രന്‍, എന്‍.ശക്തന്‍, ജനറല്‍ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണന്‍,ജി.എസ്.ബാബു,ജി.സുബോധന്‍, മുന്‍മന്ത്രി വി.എസ്.ശിവകുമാര്‍,വര്‍ക്കല കഹാര്‍, പന്തളം സുധാകരന്‍, ചെറിയാന്‍ ഫിലിപ്പ്,കെ.മോഹന്‍കുമാര്‍,ശരത്ചന്ദ്ര പ്രസാദ്,നെയ്യാറ്റിന്‍കര സനല്‍,ഡോ.ആരിഫ,എകെ ശശി,ഇബ്രാഹിംകുട്ടി കല്ലാര്‍,കമ്പറ നാരായണന്‍,സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.