പാലാരിവട്ടം പാലം: നുണപ്രചാരണം സി.പി.എമ്മിനും എല്‍.ഡി.എഫിനും തിരിച്ചടിയാകുമെന്ന് ഉമ്മന്‍ ചാണ്ടി

കളമശ്ശേരി : വികസനവും കരുതലും ലക്ഷ്യമായി മുന്നേറിയ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെതിരെയും അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ യെയും പാലാരിവട്ടം പാലത്തിന്റെ പേരില്‍ നടത്തുന്ന നുണ പ്രചരണം സി.പി.എമ്മിനും എല്‍.ഡി.എഫിനും തിരിച്ചടിയാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇടതു മുന്നണി നടത്തുന്ന നുണപ്രചാരണം അവസാനിപ്പിക്കണമെന്നും പാലം ഉടന്‍ ഗതാഗത്തിന് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കളമശ്ശേരി നിയോജക മണ്ഡലം കമ്മറ്റി എച്ച്.എം.ടി ജംഗ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. യു.ഡി.എഫിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ പൊതുമരാമത്ത് വിഭാഗം നിരവധി പദ്ധതികളാണ് ഏറ്റെടുത്ത് നടപ്പിലാക്കിയത്. പൊതുമരാമത്തിന് അനുവദിച്ച മൂന്നിരട്ടി തുക ചിലവഴിച്ചാണ് കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത് എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൂടാതെ കേരളത്തില്‍ 400 ദിവസത്തിനുള്ളില്‍ 100 പാലങ്ങള്‍ക്കുള്ള പദ്ധതികള്‍ ആവിഷക്കരിക്കുകയും അത് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വി.കെ.ഇബ്രാഹിംകുഞ്ഞ് വിജയം കണ്ടതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇടപ്പിള്ളി ഫ്‌ളൈ ഓവറിന്റെ പണി പൂര്‍ത്തിയാക്കിയതും പാലാരിവട്ടം ഫ്‌ളൈഓവറിന്റെ 75% പദ്ധതിയും പൂര്‍ത്തിയാക്കിയതും യു.ഡി.എഫ് ഭരണകാലത്താണ്.

പാലാരിവട്ടം പാലത്തിന്റെ ബാക്കി 25% പണി പൂര്‍ത്തിയാക്കി എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തില്‍ അത് ഉത്ഘാടനം ചെയ്യുകയും ചെയ്തു. പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തിലെ അപാകതകള്‍ കണ്ടെത്തിയത് ഗുരുതരം തന്നെ എന്നാല്‍ ഇതില്‍ എല്‍.ഡി.എഫ്. നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് നിര്‍ഭാഗ്യകരമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തുന്നതിന് പകരം പലതടസ്സങ്ങളും ഉന്നയിച്ച് യു.ഡി.എഫ് സര്‍ക്കാരിനെയും അന്നത്തെ മന്ത്രിയെയും കുറ്റപ്പെടുത്താനുള്ള എല്‍.ഡി.എഫ്‌ന്റെ ശ്രമം ദൗര്‍ഭാഗ്യകരം ആണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇടപ്പള്ളി ബൈപ്പാസില്‍ പത്ത് കിലോമീറ്ററില്‍ നാല് ഫ്‌ളൈഓവര്‍ എന്ന പദ്ധതിക്ക് രൂപം നല്‍കിയ യു.ഡി.എഫ് സര്‍ക്കാരിനെ അപമാനിക്കാന്‍ ഉള്ള ശ്രമം കൊച്ചിയിലെ ജനങ്ങള്‍ ഒന്നടങ്കം എതിര്‍ക്കുമെന്ന് സംശയമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായ യു.ഡി.എഫ് സര്‍ക്കാരിനെയും അന്നത്തെ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെയും കുറിച്ചുള്ള കള്ളപ്രചാരണം വരുംകാലങ്ങളില്‍ സി. പി. എം.ന് തിരിച്ചടിയാകും എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വി.കെ.ഇബ്രാഹിംകുഞ്ഞിന് എതിരെയുള്ള കള്ള പ്രചാരണങ്ങള്‍ക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും യു.ഡി.എഫ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നേരിടുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചടങ്ങില്‍ യു.ഡി.എഫ് ചെയര്‍മാന്‍ ഇ.കെ.സേതു അദ്ധ്യക്ഷത വഹിച്ചു.

സര്‍ക്കാരിന്റെ ഉദ്യോഗതലത്തില്‍ നടന്ന വീഴ്ച്ചകള്‍ മൂടിവെക്കാന്‍ എം. എല്‍. എ മാരുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത് ജനങ്ങളെ വിഢികളാക്കാനാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച നേതാക്കള്‍ പറഞ്ഞു.  പാലത്തിന്റ നിര്‍മ്മാണത്തില്‍ ഉണ്ടായ അപാകതകള്‍ ജനങ്ങളെ അിറയിക്കണമെന്നും ഇതിന് സര്‍ക്കാര്‍ എത്ര രൂപ ചിലവഴിച്ചു എന്നും വ്യക്തമാക്കണമെന്നും നേതാക്കള്‍ അവശ്യപ്പെട്ടു. പാലത്തിന്റെ അപാകത യു.ഡി.എഫിന്റെ തലയില്‍ കെട്ടിവെക്കാനുള്ള എല്‍.ഡി.എഫ് ന്റെ ശ്രമം വിലപ്പോകില്ലെന്നും ജനങ്ങള്‍ അത് തള്ളിക്കളയുമെന്നും നേതാക്കള്‍ പറഞ്ഞു. എം.എല്‍.എമാരായ വി.കെ.ഇബ്രാഹിം കുഞ്ഞ്, അന്‍വര്‍ സാദത്ത്, മുന്‍ മന്ത്രിമാരായ കെ.ബാബു, ഡൊമനിക്ക് പ്രസന്റേഷന്‍, ജി.സി.ഡി.എ മുന്‍ ചെയര്‍മാന്‍ കെ.സി.വേണു ഗോപാല്‍, കെ പി സി സി സെക്രട്ടറി ബി എ അബ്ദുള്‍ മുത്തലിബ്, കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി.ജെ.വിനോദ്, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.ഇ.അബ്ദുള്‍ ഗഫൂര്‍, കേരള കോണ്‍ഗ്രസ് എം. നേതാവ് അഡ്വ.വി.വിജോഷി, ആര്‍.എസ്.പി ജില്ലാ ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് സ്റ്റീഫന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം ജമാല്‍ മണക്കാടന്‍ സ്വാഗതവും കണ്‍വീനര്‍ എം.പി.അഷറഫ് മൂപ്പന്‍ നന്ദിയും പറഞ്ഞു.

Comments (0)
Add Comment