കെ.എം മാണിയുടെ വിയോഗത്തോടെ ഒഴിവുവന്ന പാലാ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മൂന്ന് മുന്നണികളും സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി. സീറ്റ് നിലനിർത്തുമെന്ന കടുത്ത ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. പതിവുപോലെ പാലാ സീറ്റ് എൻ.സി.പിയുടേതാണെന്ന് പ്രഖ്യാപനം പാർട്ടി നടത്തിയിട്ടുണ്ടെങ്കിലും എൽ.ഡി.എഫ് നേതൃത്വം ഔദ്യോഗികമായി ഇത് അംഗീകരിച്ചിട്ടില്ല.
പാലാ മണ്ഡലം രൂപീകൃതമായത് മുതൽ മരണം വരെ കെ.എം മാണിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. യു.ഡി.എഫിന്റെ സീറ്റിംഗ് സിറ്റിൽ കേരള കോൺഗ്രസ് എം പ്രതിനിധിയായിയാണ് മാണി മത്സരിച്ചിരുന്നത്. കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി തന്നെ പാലായിൽ മത്സരിക്കുമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. യു.ഡി.എഫ് ആരെ സ്ഥാനാർത്ഥിയാക്കിയാലും പിന്തുണയ്ക്കുമെന്ന് പി.ജെ ജോസഫ് പറഞ്ഞിരുന്നു.
ഉപതെരഞ്ഞടുപ്പിലെ സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യാൻ യു.ഡി.എഫ് നേതൃ യോഗം തിങ്കളാഴ്ച ചേരും. നിലവിലെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പാലായിൽ കെ.എം മാണി നടത്തിയ വികസന പ്രവർത്തനങ്ങളും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങളും യു.ഡി.എഫിനെ തുണയ്ക്കും. പരമ്പരാഗതമായി യു.ഡി.എഫിനോട് ഒപ്പം നിൽക്കുന്ന മണ്ഡലമാണ് പാലാ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിലും ഇത് ആവർത്തിച്ചു. കൂടാതെ മണ്ഡലം ഉൾപ്പെടുന്ന പാലാ മുനിസിപ്പാലിറ്റിയും 12 ഗ്രാമപഞ്ചായത്തകളും യു.ഡി.എഫിന് ഒപ്പമാണ്. ഇത് യു.ഡി.എഫ് നേതാക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
അതേ സമയം ഉപതെരഞ്ഞടുപ്പിനെ നേരിടാൻ പൂർണ സജ്ജമാണെന്ന് ഇടതുമുന്നണി നേതൃത്വം അവകാശപ്പെടുമ്പോഴും എൻ.സി.പി മാണി സി കാപ്പനെ ഏകപക്ഷീയമായി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ മുന്നണി നേതൃത്വം അസംതൃപ്തിയിലാണ്. സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടി കോട്ടയം ഘടകത്തിൽ ശക്തമാണ്. പക്ഷേ ഇത് എൻ.സി.പി അംഗീകരിച്ചിട്ടില്ല. സംസ്ഥാന സർക്കാരിന് എതിരെ നിലനിൽക്കുന്ന ശക്തമായ ജനവികാരമാണ് ഇടതുമുന്നണിയെ അലട്ടുന്നത്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇടതു മുന്നണി യോഗം ബുധനാഴ്ച ചേരും.
സ്ഥാനാർത്ഥിയെ ചൊല്ലി എൻ.ഡി.എ ക്യാമ്പിലും അനിശ്ചിതത്വം തുടരുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച പി.സി തോമസ് സീറ്റിനായി രംഗത്ത് ഉണ്ട്. പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാകണമെന്ന നിർദേശത്തെ ബി.ജെ.പി കോട്ടയം ജില്ലാ ഘടകം ശക്തമായി എതിർക്കുകയാണ്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ ഹരി സ്ഥാനാർത്ഥിയാകണമെന്നാണ് പാർട്ടിയുടെ ആവശ്യം.
മൂന്ന് മുന്നണികൾക്കും പാലാ ഉപതെരഞ്ഞടുപ്പ് നിർണായകമാണ്. പാലായിൽ പടയൊരുക്കം തുടങ്ങുമ്പോൾ കെ.എം മാണിക്ക് ഒപ്പം നിന്ന പാലാ ഇത്തവണയും യു.ഡി.ഫിന് ഒപ്പം തന്നെയാകുമെന്നാണ് രാഷ്ട്രീയ നീരീക്ഷകരുടെ വിലയിരുത്തൽ. എൻ.ഡി.എയിലാകട്ടെ ഇതുവരെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചിട്ടില്ല.