കോൾ പാടങ്ങളിലെ നെല്ല് സംഭരണത്തിന് ബദൽ ക്രമീകരണം; അടുത്ത മാസം 15 ന് മുമ്പ് മുഴുവൻ നെല്ലും കൊയ്‌തെടുത്ത് മില്ലുകളിലേക്ക് മാറ്റും

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ താളം തെറ്റിയ കോൾ പാടങ്ങളിലെ നെല്ല് സംഭരണത്തിന് ബദൽ ക്രമീകരണം ഏർപ്പെടുത്തുന്നു. അടുത്ത മാസം 15 ന് മുമ്പ് മുഴുവൻ നെല്ലും കൊയ്‌തെടുത്ത് മില്ലുകളിലേക്ക് മാറ്റാൻ മന്ത്രി എ സി മൊയ്തീന്‍റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

നെല്ല് സംഭരണത്തിന് സപ്ലൈകോയുമായി കരാർ ഒപ്പിട്ട മില്ല് കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചതിനാൽ ഇവരുമായുളള കരാർ റദ്ദാക്കി. പകരം സംഭരണ ചുമതല മറ്റ് മില്ലുകളെ എൽപ്പിക്കാനും സപ്ലൈകോ തീരുമാനിച്ചു. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്‍റെ 50 കൊയ്ത്ത് യന്ത്രങ്ങൾ പാടശേഖരങ്ങളിൽ എത്തിക്കും. സാധാരണ ഗതിയിൽ നിന്ന് വ്യത്യസ്തമായി അടിയന്തര സാഹചര്യം പരിഗണിച്ച് രാവിലെ 9 മുതൽ വൈകീട്ട് 8 മണി വരെ കൊയ്ത്ത് നടത്തും. കൊയ്ത്ത് യന്ത്രങ്ങൾക്കാവശ്യമായ ഇന്ധനമെത്തിക്കുന്നതിന് പ്രത്യേക പാസുകൾ അനുവദിക്കും. 400 ഹെക്ടർ പ്രദേശത്തെ നെല്ല് കൊയ്ത്ത് വച്ചിട്ടുണ്ടെങ്കിലും മില്ലിലേക്ക് മാറ്റിയിട്ടില്ല. നാലുദിവസത്തിനുളളിൽ കൊയ്‌തെടുത്ത നെല്ല് മില്ലുകളിലേക്ക് മാറ്റും. ഇനി കൊയ്യാനുളള നെല്ലും സപ്ലൈകോ സംഭരണ ചുമതലയുളള മില്ലുകൾക്ക് ഉടനെ കൈമാറും. മഴയോ മറ്റു അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ നെല്ല് സംഭരണത്തിന് തദ്ദേശസ്ഥാപനങ്ങളും കൃഷി വകുപ്പും ബദൽ ക്രമീകരണം ഉണ്ടാക്കും. അത്തരം സാഹചര്യത്തിൽ പ്രാദേശികമായി കണ്ടെത്തുന്ന സ്‌കൂളുകളിലോ ഹാളുകളിലോ നെല്ല് സംഭരിക്കും. മില്ലുകളിലേക്കുളള നെല്ല് കയറ്റിയിറക്കുന്നതിന് തൊഴിലാളികളെ ലഭിക്കാൻ പ്രയാസം നേരിട്ടാൽ ജില്ലാ ഭരണകൂടം പ്രത്യേക സംവിധാനം ഒരുക്കും. അമിത കയറ്റുകൂലി ഈടാക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധയും ഉണ്ടാകും

TrissurKole Wet LandsPaddy Procurement
Comments (0)
Add Comment