പി ജയരാജൻ 2 കൊലക്കേസ് ഉൾപ്പെടെ 10 ക്രിമിനൽ കേസിലെ പ്രതി; സത്യം പറഞ്ഞത് സത്യവാങ്മൂലത്തില്‍

Jaihind Webdesk
Sunday, March 31, 2019

2 കൊലക്കേസ് ഉൾപ്പെടെ 10 ക്രിമിനൽ കേസിലെ പ്രതിയാണ് താനെന്ന് സമ്മതിച്ച് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജൻ. നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങൾ ജയരാജൻ തന്നെ സമ്മതിച്ചത്.

കതിരൂർ മനോജ് വധക്കേസ്, പ്രമോദ് വധക്കേസ് എന്നിവയിൽ ഗൂഢാലോചന നടത്തി, അരിയിൽ ഷുക്കൂറിനെ കൊല്ലാനുള്ള പദ്ധതി മറച്ചുവെച്ചു തുടങ്ങി വടകര ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജന്റെ വിശേഷണങ്ങൾ നീണ്ടു പോകുന്നു. ഗുരുതരമായ ഈ കേസുകൾക്കൊപ്പം അന്യായമായി സംഘം ചേർന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും വേറെയും കേസുകൾ. ഒരു കേസിൽ ജയരാജനെ ശിക്ഷിച്ചിട്ടുമുണ്ട്. അന്യായമായി സംഘം ചേർന്ന് പൊതുമുതൽ നശിപ്പിച്ച കേസിൽ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേററ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടര വർഷം തടവും പിഴയുമാണ് ശിക്ഷ. എന്നാൽ ഇതിനെതിരെ ജയരാജൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ തീരുമാനമാകുന്നതു വരെ വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരിക്കുകയാണ് കോടതി. ഇതിന്റെ ബലത്തിലാണ് ഇപ്പോൾ വടകരയിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. അതേസമയം അരിയിൽ ഷുക്കൂർ കേസിൽ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്.