സ്വന്തമായി വീട് എന്നത് അവകാശമാക്കി മാറ്റണം : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Jaihind News Bureau
Friday, May 16, 2025

സ്വന്തമായി വീടും അതിൽ താമസിക്കാനുള്ള ഇടവും എന്നത് എല്ലാവരുടേയും അവകാശമാക്കി മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭൂരഹിതർക്ക് വീട് വെക്കുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലങ്ങളുടെ ആധാരങ്ങൾ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവർക്കും സ്വന്തമായി വീട് ലഭിക്കുമ്പോഴാണ് രാജ്യം പുരോഗമിക്കുകയുള്ളൂ. ഭൂമി വാങ്ങി നൽകിയതിൻ്റെ തുടർച്ചയായി വീട് വെക്കാനുള്ള പദ്ധതിയും എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്.

സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങൾക്കും മാതൃകയാണ് എറണാകുളം ജില്ലാ പഞ്ചായത്ത്. ചുറ്റുപാടുമുള്ളവരുടെ സങ്കടങ്ങളും പ്രയാസങ്ങളും കണ്ടാൽ പരിഹരിക്കാനുള്ള മനസ്സോടെ വൈവിധ്യപൂർണമായ പദ്ധതികൾക്കാണ് നേതൃത്വം നൽകുന്നതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ അധ്യക്ഷനായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 93 ഭൂരഹിതർക്കാണ് വീട് വെക്കുന്നതിനായി സ്ഥലം വാങ്ങി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി 1.83 കോടി രൂപയാണ് ചിലവഴിച്ചത്. ഇവരുടെ ആധാരം കൈമാറുന്നതിനായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഈ വർഷം 100 ലധികം പേർക്ക് സ്ഥലം നൽകാനാണ് ലക്ഷ്യം. ലൈഫ് പദ്ധതിയുടെ ഭാഗമായി ഈ സാമ്പത്തിക വർഷം 12 കോടി രൂപ ചിലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.