ഉലകം ചുറ്റും PM ; മൂന്ന് വർഷത്തിനിടെ മോദിയുടെ വിദേശയാത്രാച്ചെലവ് 255 കോടി !

Jaihind Webdesk
Friday, November 22, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയ്ക്ക് കഴിഞ്ഞ മൂന്ന് വർഷം മാത്രം ചെലവായത് 255 കോടി രൂപ. മോദി വിദേശത്തേക്ക് നടത്തിയ ചാർട്ടേഡ് വിമാന യാത്രകൾക്കായി ചിലവഴിച്ച തുകയുടെ കണക്കാണിത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം രാജ്യസഭയിൽ വ്യക്തമാക്കിയത്. 2016 മുതല്‍ 2019 വരെയുള്ള യാത്രയുടെ കണക്കാണ് മുരളീധരന്‍ അറിയിച്ചത്.

2016-17 ൽ ചാർട്ടേഡ് വിമാന യാത്രകള്‍ക്കായി 76.27 കോടി രൂപയും 2017-18 ൽ 99.32 കോടി രൂപയുമാണ് ചെലവഴിച്ചത്. 2018-19 ൽ 79.91 കോടി രൂപയും പ്രധാനമന്ത്രിയുടെ ചാര്‍ട്ടേഡ് യാത്രകള്‍ക്കായി ചെലവഴിച്ചു. അതേസമയം 2019 വര്‍ഷത്തെ കണക്കുകള്‍ ലഭ്യമല്ലെന്നും മന്ത്രി അറിയിച്ചു. ഹോട്ട് ലൈന്‍ സൗകര്യങ്ങൾക്കായി മൂന്ന് വർഷം പ്രധാനമന്ത്രിക്കായി ചെലവഴിച്ചത് 3 കോടിയോളം രൂപയാണെന്നും വി മുരളീധരന്‍ രാജ്യസഭയെ അറിയിച്ചു. 2016-2017 ൽ ഹോട്ട് ലെെൻ സൗകര്യങ്ങൾക്കായി 2,24,75,451 (രണ്ട് കോടി ഇരുപത്തിനാല് ലക്ഷത്തി എഴുപത്തയ്യായിരത്തി നാനൂറ്റി അമ്പത്തൊന്ന് രൂപ) ചെലവഴിച്ചപ്പോൾ 2017-2018 വർഷത്തില്‍ 58,06,630 രൂപയാണ് ഇതിനായി ചെലവഴിച്ചത്.

പ്രധാനമന്ത്രിയുടെ ആഭ്യന്തരയാത്രകളുടെ ചെലവ്  സംബന്ധിച്ച ചോദ്യത്തിനും വി മുരളീധരന്‍ മറുപടി നല്‍കി. കേന്ദ്രസര്‍ക്കാർ നയമനുസരിച്ച് പ്രധാനമന്ത്രിയുടെ ആഭ്യന്തരയാത്രകള്‍ക്ക് വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നത് സൗജന്യമായാണെന്നും വി മുരളീധരൻ അറിയിച്ചു.