കാസർഗോഡ് വന്‍ സ്വർണ വേട്ട ; പിടികൂടിയത് ആറ് കോടിയിലേറെ വിലമതിക്കുന്ന സ്വർണം

കാസർഗോഡ് : ബേക്കലിൽ വെച്ച് രേഖകളില്ലാത്ത ആറ് കോടിയിലേറെ വിലമതിക്കുന്ന വൻ സ്വർണക്കടത്ത് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കാറിൽ കടത്തുന്നതിനിടെയാണ് പതിനഞ്ചര കിലോഗ്രാം സ്വർണം പിടികൂടിയത്.

വിവിധ ആകൃതികളിൽ ഉരുക്കിയ സ്വർണം മൂന്ന് രഹസ്യ അറകളിൽ സൂക്ഷിച്ച നിലയിലായിരുന്നു. തലശേരിയിൽ നിന്നും മുംബൈയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബേക്കലില്‍ വെച്ചാണ് രഹസ്യവിവരത്തെ തുടർന്ന് സ്വർണവുമായി രണ്ട് പേരെ കസ്റ്റംസ് പിടികൂടിയത്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ വിമാനത്താവളങ്ങളിലെത്തിച്ച ശേഷം കടത്തുകയായിരുന്നു ലക്ഷ്യം എന്നാണ് വിവരം.

കണ്ണൂർ കസ്റ്റംസിന്‍റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ വലിയ സ്വർണവേട്ടയാണ് ഇത്.  1988 ല്‍ 1600 സ്വർണ ബിസ്ക്കറ്റ് പിടികൂടിയതായിരുന്നു ഏറ്റവും വലിയ സ്വർണ വേട്ടയെന്ന് കണ്ണൂർ കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ വികാസ് പറഞ്ഞു. പിടിയിലായവരെ എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയിൽ ഹാജരാക്കും.

gold smuggling
Comments (0)
Add Comment