കൊച്ചി: അവയവക്കടത്ത് കേസിൽ കാണാതായ പാലക്കാട് സ്വദേശി ഷമീറിനെ പോലീസ് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്തു. ഇറാനിൽ പോയി വൃക്ക നൽകിയ ശേഷം ഇയാളെ കാണാതായിരുന്നു. കോയമ്പത്തൂരിൽ വെച്ച് നേരത്തെ ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ടെഹ്റാനിൽ പോയി അവയവ വിൽപന നടത്തിയശേഷം ഇയാളുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. കസ്റ്റഡിയിലെടുത്ത ഷമീറിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇയാളെ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്നുള്ളത് അന്വേഷണ സംഘം പിന്നീട് തീരുമാനിക്കും.
അതേസമയം രാജ്യാന്തര അവയവമാറ്റ ശസ്ത്രക്രിയ നടത്താൻ പാകത്തിൽ വൈദ്യശാസ്ത്ര സാങ്കേതിക മാർഗങ്ങൾ വർധിപ്പിക്കാൻ ഇന്ത്യയിലെ പല ആശുപത്രികളിലും വൻ തുക മുടക്കിയതായി കേസിൽ അറസ്റ്റിലായ ആന്ധ്ര സ്വദേശി ബല്ലം കൊണ്ടരാമപ്രസാദ് മൊഴി നൽകി. വിദേശ മെഡിക്കൽ ഇൻഷുറൻസ് കമ്പനികളുടെ ഇന്ത്യയിലെ പ്രധാന ഇടനിലക്കാരനായ കൊച്ചി സ്വദേശി മധു വഴിയാണ് കേരളത്തിലെ ആശുപത്രികളിലും വൻ തുക മുടക്കിയത്.