പൗരത്വ ഭേദഗതി ബിൽ : സർക്കാരും ഗവർണറും തമ്മിൽ ഒത്തുകളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല; പ്രമേയത്തെ തള്ളിയാൽ സർക്കാരിന്‍റെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുമെന്ന് കെ.മുരളീധരൻ

Jaihind News Bureau
Tuesday, January 28, 2020

പൗരത്വ ഭേദഗതി ബില്ലിനെതിരായ പോരാട്ടത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഗവർണർക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തെ ഭരണപക്ഷം പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരും ഗവർണറും തമ്മിൽ ഒത്തുകളിക്കുന്നതായി പ്രതിപക്ഷ നേതാവ്. ഗവർണറുടെ ചായ സൽക്കാരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തെന്ന് കെ.മുരളീധരൻ എം പി.

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി നയിക്കുന്ന  സഹനസമര പദയാത്ര ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനം നടത്തിയത്. കേരളത്തെപ്പോലെ ഇത്രയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയിൽ ഇല്ല. നവകേരളം വെറും വാക്കിൽ മാത്രം. ഇത് പോലെ ഗതികെട്ട ഭരണം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ശാസ്ത്രീയ അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. പദ്ധതികൾ ടെൻണ്ടർ ഇല്ലാതെ ഊരാളുങ്കല്ലിന് കൊടുത്തത് പകൽകൊള്ളയാണ്. ഗവർണ്ണർക്കെതിരെ പ്രതിപക്ഷം  കൊണ്ടുവന്ന പ്രമേയത്തെ ഭരണപക്ഷം പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ വിമർശിച്ച ഗവർണറുടെ നടപടി കേരള നിയമസഭയെ അവഹേളിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/182445562839766/

കേരള നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തെ സർക്കാർ തള്ളിയാൽ സർക്കാരിന്‍റെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുമെന്ന് ചടങ്ങിൽ സംസാരിച്ച കെ.മുരളീധരൻ എംപി പറഞ്ഞു. ഗവർണറുടെ ചായ സൽക്കാരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും കെ.മുരളീധരൻ എംപി കുറ്റപ്പെടുത്തി. ഗവർണറെ പേടിയുള്ള മുഖ്യമന്ത്രി എങ്ങനെ നരേന്ദ്ര മോദിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കുമെന്നും കെ.മുരളീധരൻ ചോദിച്ചു.

https://www.facebook.com/JaihindNewsChannel/videos/643277733090856/

കെ.സുധാകരൻ എംപി, കെ.സി ജോസഫ് എംഎൽഎ, കെ.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. നൂറു കണക്കിനാളുകളാണ് പദയാത്രയിൽ പങ്കാളികളാവുന്നത്. പദയാത്ര അടുത്ത മാസം 24 ന് കണ്ണൂരിൽ സമാപിക്കും.