കസ്റ്റഡി മരണം സഭയില്‍; പോലീസ് പിടിച്ചാല്‍ ശവപ്പെട്ടി വാങ്ങാന്‍ ഓടേണ്ട അവസ്ഥയെന്ന് പ്രതിപക്ഷം

Jaihind Webdesk
Wednesday, June 26, 2019

PT-Thomas-Sabha

സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന കസ്റ്റഡിമരണങ്ങളില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പോലീസ് പിടിച്ചെന്ന് കേട്ടാല്‍ ശവപ്പെട്ടി വാങ്ങാന്‍ ഓടേണ്ട അവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷം ആരോപിച്ചു. പോലീസ് കസ്റ്റഡിയിലിരിക്കെ പീരുമേട് സബ് ജയിലിൽ കൊല്ലപ്പെട്ട റിമാൻഡ് പ്രതി രാജ്കുമാറിന്‍റേതുള്‍പ്പെടെയുള്ള കസ്റ്റഡി മരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കസ്റ്റഡി മരണങ്ങൾ വർധിച്ചു വരുന്ന ഗുരുതരമായ സ്ഥിതിവിശേഷം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.ടി തോമസ് എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ജയിലിൽ പ്രതികൾക്ക് താരപ്രഭ നൽകുകയാണ് സർക്കാർ ചെയ്യുന്നത്. ശ്രീജീത്തിന്‍റെ മരണത്തോടെ കസ്റ്റഡി മരണങ്ങൾ അവസാനിക്കുമെന്ന് കരുതിയെങ്കിലും സർക്കാരിന്‍റെ തെറ്റായ സമീപനത്തിലൂടെ വീണ്ടും കസ്റ്റഡി മരണങ്ങൾ ഉണ്ടാകുന്നുവെന്നും പി.ടി തോമസ് ആരോപിച്ചു.

എന്നാൽ പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി രാജ്കുമാറിന്‍റെ കൊലപാതകം പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കസ്റ്റഡി മരണങ്ങളെ ലാഘവത്തോടെ കാണുന്നതാണ് വീണ്ടും കസ്റ്റഡി മരണങ്ങൾ ഉണ്ടാകുന്നതിന് കാരണമെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പോലീസ് സംവിധാനങ്ങളെ കയറൂരി വിട്ടിരിക്കുകയാണ് സർക്കാരെന്നും പോലീസ് അസോസിയേഷൻ തെരെഞ്ഞെടുപ്പിൽ വരെ അട്ടിമറി നടത്തുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.