മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, May 28, 2019

RameshChennithala-sabha-inside

മസാല ബോണ്ട് വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. മസാല ബോണ്ടിലെ ഉയർന്ന പലിശ നിരക്ക് അധിക സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാക്കുന്നതെന്നും ലാവലിൻ കമ്പനിയെ സഹായിക്കാൻ എന്തു പ്രതിബദ്ധതയാണ് മുഖ്യമന്ത്രിക്കുള്ളതെന്നും മസാല ബോണ്ടിനെക്കുറിച്ച് നിയമസഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ പ്രതിപക്ഷ നേതാവ് ചോദിച്ചു. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. മസാലബോണ്ട് രേഖകൾ സഭയിൽ പരസ്യമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

കിഫ്ബി പദ്ധതികൾക്ക് പണം സമാഹരിക്കുന്നതിന് മസാല ബോണ്ട് ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് കാലത്ത് അടക്കം വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രയും സ്റ്റോക് എക്സചേഞ്ചിൽ മണി മുഴക്കിയതുമെല്ലാം വലിയ വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മസാല ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമാണെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതുകൊണ്ട് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്.

കെഎസ് ശബരീനാഥൻ എംഎൽഎ നൽകിയ നോട്ടീസനുസരിച്ച് സഭയിൽ പ്രത്യേക ചര്‍ച്ച ആകാമെന്ന് സര്‍ക്കാര്‍ തുടർന്ന് നിലപാടെടുത്തു. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. പ്രധാനമായും വിഷയത്തിൽ  4 കള്ളങ്ങൾ ധനമന്ത്രി പറഞ്ഞതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. സി.ഡി.പി.ക്യുവിന് ലാവ്ലിനുമായി ബന്ധമില്ല, സി.ഡി.പി.ക്യു പെൻഷൻ ഫണ്ട് മാത്രമാണെന്ന് ധനമന്ത്രി തെറ്റിദ്ധരിപ്പിച്ചു.

സി.ഡി.പി.ക്യു പ്രൈവറ്റ് പ്ലെയിപ്മെന്‍റ് ആണെന്നത് മറച്ചുവെക്കുകയും ഏറ്റവും കുറഞ്ഞ പലിശയാണെന്ന് പറയുകയും ചെയ്തുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. മസാല ബോണ്ടിൽ മുഖ്യമന്ത്രി പോലും തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു.

എന്നാൽ പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിൽ വ്യക്തതയില്ലാത്ത മറുപടിയാണ് ധനമന്ത്രി നൽകിയത്. മസാല ബോണ്ടിന് ഏറ്റവും ചുരുങ്ങിയ പലിശ നിരക്കാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സിഡിപിക്യു പെൻഷൻ ഫണ്ടാണെന്നും അവർ ബോണ്ടിലും ഓഹരിയിലും നിക്ഷേപിക്കുമെന്നും ധനമന്ത്രി മറുപടി നൽകി.

അതേ സമയം ചർച്ചക്കൊടുവിലും മസാല ബോണ്ടുമായും കിഫ്ബിയുമായും ബന്ധപ്പെട്ട ദുരൂഹതകൾ മാറിയിട്ടില്ലെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.