‘ആന കരിമ്പിൻ കാട്ടിൽ’ എന്നതിനുപകരം ‘ശിവന്‍കുട്ടി നിയമസഭയില്‍’ എന്നായി’ ; പരിഹസിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : കയ്യാങ്കളിക്കേസ് വിധി സഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. പി.ടി തോമസ് എംഎല്‍എയാണ് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്.  ‘ആന കരിമ്പിൻ കാട്ടിൽ’ എന്നതിനുപകരം ‘ശിവന്‍കുട്ടി നിയമസഭയില്‍’ എന്നായിയെന്നും ആ ദൃശ്യം വിക്ടേഴ്സിലൂടെ കാണിക്കണമെന്നും പി ടി തോമസ് എംഎൽഎ പരിഹസിച്ചു.

പൊതുമുതല്‍ നശിപ്പിച്ചയാള്‍ എങ്ങനെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്നും ശിവൻകുട്ടി മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും പ്രതിപക്ഷം ആരോപിച്ചു. കേരള കോൺഗ്രസിനെതിരെയും  പ്രതിപക്ഷം രൂക്ഷവിമർശനം ഉന്നയിച്ചു. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യെന്ന അവസ്ഥയിലാണ് ജോസ് കെ.മാണിയെന്നും പി ടി തോമസ് കൂട്ടിച്ചേർത്തു.

കയ്യാങ്കളിക്കേസിലെ സർക്കാർ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കേസിൽ കോടതി വിധി അനുസരിച്ചുള്ള സമീപനം സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട സർക്കാർ നടപടി നിയമവിരുദ്ധമല്ല, അസാധാരണവുമല്ല. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പ്രോസിക്യൂട്ടര്‍ക്ക് അതിന് അവകാശമുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേസ് പിന്‍വലിക്കണമെന്ന ഹര്‍ജിയിലെ അപ്പീലാണ് കോടതി ഇപ്പോൾ തള്ളിയത്. കേസ് പിൻവലിക്കുന്നതിന് അവകാശം ഉണ്ടോ ഇല്ലയോ എന്നതാണ് വിഷയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Comments (0)
Add Comment