മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ട്? ചർച്ച നടന്നിട്ടില്ലെന്ന് കള്ളം പറഞ്ഞതെന്തിന്?; ബാർ കോഴയില്‍ സർക്കാരിനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

 

കൊച്ചി: ബാര്‍ കോഴയിൽ പിണറായി സർക്കാരിനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഡിജിപിക്ക് പരാതി നല്‍കിയത് അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയല്ലേ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഉമ്മന്‍ ചാണ്ടി സർക്കാർ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതുപോലെ ചെയ്യാന്‍ എന്തുകൊണ്ട് പിണറായി സർക്കാർ തയാറിയില്ലെന്നും ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ മറികടന്നത് എന്തിനെന്നും അടക്കം ആറു സുപ്രധാന ചോദ്യങ്ങള്‍ പ്രതിപക്ഷ നേതാവ് സർക്കാരിനോട് ഉന്നയിച്ചു. പറവൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു വി.ഡി. സതീശന്‍.

സർക്കാരിനോട് പ്രതിപക്ഷ നേതാവിന്‍റെ ചോദ്യങ്ങള്‍:

1. ടൂറിസം വകുപ്പ് എക്‌സൈസ് വകുപ്പിനെ മറികടന്നത് എന്തിന്?

2. ടൂറിസം വകുപ്പിന്‍റെ അനാവശ്യ തിടുക്കം എന്തിനു വേണ്ടിയായിരുന്നു?

3. ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് കള്ളം പറഞ്ഞതെന്തിന്?

4. ഡിജിപിക്ക് എക്‌സൈസ് മന്ത്രി നല്‍കിയ പരാതി അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനല്ലേ?

5. കെ.എം. മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉണ്ടായപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. ആ മാതൃക സ്വീകരിക്കാത്തതെന്ത്?

6. സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ട്?

Comments (0)
Add Comment