മദ്യനയത്തിലെ സര്‍ക്കാര്‍ വാദം പൊളിയുന്നു, ബാര്‍ ഉടമകളെയടക്കം വിളിച്ച് ചര്‍ച്ച നടത്തി; തെളിവുകൾ പുറത്ത്

 

തിരുവനന്തപുരം: മദ്യനയത്തിൽ ഒരു ചർച്ചയും നടത്തിയിരുന്നില്ല എന്ന സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും വാദം പൊളിയുന്നു. ബാറുടമകളെ പങ്കെടുപ്പിച്ചുകൊണ്ട് ടൂറിസം വകുപ്പ് ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്ന തെളിവുകൾ പുറത്തുവന്നു. ഡ്രൈ ഡേ മാറ്റുന്നതടക്കമുള്ള ചർച്ചകളാണ് യോഗത്തിൽ നടന്നത്. കഴിഞ്ഞയാഴ്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മദ്യനയം സംബന്ധിച്ച സെക്രട്ടറി തല ചർച്ചയും നടന്നിരുന്നു. ഇതിന് പിന്നാലെ എക്സൈസ് മന്ത്രി എം.ബി. രാജേഷ് എക്സൈസ് വകുപ്പിലെ ഉന്നതരുമായി ഇക്കാര്യത്തിൽ ചർച്ചയും നടത്തിയിരുന്നു.

ബാറുടമകളുമായി ജൂൺ ആദ്യവാരത്തിൽ തുടർചർച്ച നടത്തുവാൻ ഇരിക്കെയാണ് ബാർകോഴയിലേക്ക് വിരൽചൂണ്ടുന്ന ശബ്ദ സന്ദേശം പുറത്തുവന്നത്. ബാർകോഴയിൽ എക്സൈസ് മന്ത്രിക്കൊപ്പം ടൂറിസം മന്ത്രിയുടെ പങ്കിനെക്കുറിച്ചും പ്രതിപക്ഷം കഴിഞ്ഞദിവസം ശക്തമായ വിമർശനം ഉയർത്തിയിരുന്നു. ഇതിനിടയിലാണ് മദ്യ നയത്തിൽ ടൂറിസം വകുപ്പ് നടത്തിയ ചർച്ചയുടെ വിവരങ്ങൾ പുറത്തുവരുന്നത്.  ഇതിനിടയിൽ ബാർകോഴ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം നാളെ ബാറുടമ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്‍റ് അനിമോന്‍റെ മൊഴിയെടുക്കും. അനിമോന്‍റെ മലക്കം മറിച്ചിൽ ചില ഒത്തു തീർപ്പു നീക്കങ്ങളുടെ ഭാഗം എന്ന ആരോപണവും  ബലപ്പെടുകയാണ്. ആദായ നികുതി വകുപ്പും പണപ്പിരിവിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊച്ചിയിൽ നടന്ന ബാർ ഉടമ കളുടെ എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ പങ്കെടുത്തവരുടെ മൊഴികളും രേഖപ്പെടുത്തും. ബാർകോഴയിലേക്ക് വിരൽചുണ്ടുന്ന ശബ്ദ സന്ദേശത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അനിമോൻ രണ്ടുദിവസമായി അജ്ഞാത വാസത്തിൽ ആയിരുന്നു. കഴിഞ്ഞദിവസം ശബ്ദ സന്ദേശത്തിൽ മലക്കം മറിഞ്ഞും ഉരുണ്ട് കളിച്ചും സർക്കാരിനെ സംരക്ഷിക്കുവാൻ വാട്സപ്പ് സന്ദേശവുമായി അനിമോൻ വീണ്ടും രംഗത്തെത്തിയിരുന്നു.

 

Comments (0)
Add Comment