പ്രതിപക്ഷനേതാവ് ഇന്ന് ചെങ്ങന്നൂരും കാര്‍ത്തികപ്പള്ളിയും സന്ദര്‍ശിക്കും; പ്രളയ ദുരിത ബാധിതരുടെ പരാതികള്‍ നേരിട്ട് സ്വീകരിക്കും

Jaihind Webdesk
Wednesday, December 19, 2018

Ramesh-Chennithala-Floods

പ്രളയം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദുരിതബാധിതരെ നേരിൽ കണ്ട് അവരുടെ പരാതികൾ സ്വീകരിക്കുന്നു. പ്രളയം ഏറെ ദുരിതം വിതച്ച ചെങ്ങന്നൂർ പാണ്ടനാട് നിന്നാണ് പരിപാടി ആരംഭിക്കുന്നത് .

പ്രളയം ദുരിതം വിതച്ച് നാലു മാസങ്ങൾ പിന്നിട്ടിട്ടും പ്രളയബാധിതർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രളയം കൂടുതൽ നാശം വിതച്ച സംസ്ഥാനത്തെ സ്ഥലങ്ങൾ സന്ദർശിച്ച് ആളുകളുടെ പരാതികൾ നേരിട്ട് സ്വീകരിക്കാൻ തീരുമാനിച്ചത്. പ്രളയം ഏറ്റവും രൂക്ഷമായിരുന്ന ചെങ്ങന്നൂരിൽ പോലും പലർക്കും ആദ്യ ഘട്ടമായി നൽകും എന്ന് സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപാ പോലും ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴും നിലവിലുള്ളത്.

വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നവരുടെ വിവരശേഖരണം പോലും ഇതുവരെ പൂർത്തിയായിട്ടില്ല. വീട്ടുപകരണങ്ങൾ വാങ്ങാൻ കുടുംബശ്രീ വഴി ഒരു ലക്ഷം രൂപാ വായ്പ, തൊഴിൽ നഷ്ടപെട്ടവർക്ക് 10 ലക്ഷം രൂപാ വായ്പ ഇങ്ങനെ പ്രഖ്യാപനങ്ങൾ പലതും ഉണ്ടായെങ്കിലും ഒരു കാര്യത്തിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. ജനങ്ങളുടെ ഈ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കുന്നതിനും അവരുടെ പരാതികൾ സ്വീകരിക്കുന്നതിനുമായാണ് പ്രതിപക്ഷ നേതാവ് പ്രളയമേഖലകള്‍ സന്ദർശിക്കുന്നത്.

രാവിലെ 10 ന് പ്രളയം അതിരൂക്ഷമായി ബാധിച്ച ചെങ്ങന്നൂരിൽ കരുവേലിപ്പടി മുക്കത്ത് കുടുംബ യോഗം ഹാളിലും ഉച്ചക്ക് ശേഷം 2 മണിക്ക് ഹരിപ്പാട് മാധവ ജംഗ്‌ഷനിലെ എൻ.എസ്.എസ്. ഹാളിലുമാണ് പ്രതിപക്ഷ നേതാവ് ദുരിതബാധിതരിൽ നിന്നും പരാതികൾ നേരിട്ട് സ്വീകരിക്കക. തുടർന്നുള്ള ദിവസങ്ങളിൽ കുട്ടനാട് അടക്കമുള്ള മറ്റ് പ്രളയ ദുരിത സ്ഥലങ്ങളിലും പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തും