വിജിലന്‍സ് ഡയറക്ടറെ രായ്ക്കുരാമാനം മാറ്റിയതെന്തിന്?; സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സമനില തെറ്റിയെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, June 11, 2022

 

കൊച്ചി: രാത്രി പുറത്തിറക്കിയ ഉത്തരവിലൂടെ വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന നടപടികളാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.  കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ പോലീസിന്‍റെ ഉപകരണമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇടനിലക്കാരനായ മുന്‍ മാധ്യമ പ്രവര്‍ത്തകനെ ചോദ്യം ചെയ്യാന്‍ പോലീസ് ഇതുവരെ തയാറായിട്ടില്ല.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയെ ഫ്‌ളാറ്റില്‍ നിന്നും ഗുണ്ടകളെ പോലെയെത്തി പിടിച്ചുകൊണ്ടുപോയ പൊലീസുകാര്‍ ഇയാളെ ചോദ്യം ചെയ്യാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നും വി.ഡി സതീശൻ ചോദിച്ചു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സമനില തെറ്റിയിരിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറിയെ കൊണ്ട് പ്രസ്താവന ഇറക്കിച്ചും ഗൂഢാലോചനയാണെന്ന സ്ഥിരം പല്ലവി ആവര്‍ത്തിച്ചും രക്ഷപ്പെടാനാകില്ല. ബിജെപിക്കാര്‍ക്കും മിണ്ടാട്ടമില്ല. കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ടാണ് അന്വേഷണം ആരംഭിക്കാത്തതെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വരുമെന്ന് കണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ഒരു വര്‍ഷമായി എടുക്കാതിരുന്ന കേസ് ഇപ്പോള്‍ എടുത്തത്. ഈ രണ്ടു കേസുകളിലും ബിജെപിയും സിപിഎമ്മും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.