പ്രവാസിയുടെ ആത്മഹത്യയില്‍ നഗരസഭാ അധികൃതര്‍ക്കും ഉദ്യോസ്ഥര്‍ക്കുമെതിരെ പൊലീസ് അന്വേഷണം കൂടിയേ തീരൂ: മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: കണ്ണൂരിലെ ആന്തൂര്‍ നഗരസഭ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ഉടമയായ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ഭരാവാഹികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ സംഭവത്തില്‍ ടൗണ്‍പ്ളാനിംഗ് ഓഫീസറെക്കൊണ്ട് അന്വേഷിപ്പിച്ച് നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രിനിയമസഭയില്‍ അടിയന്തിര പ്രമേയത്തിന്റെ ചര്‍ച്ചയില്‍ പറഞ്ഞത്. ഇത് മതിയാവുകയില്ലെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

ഇത്തരമൊരു അന്വേഷണത്തിലൂടെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സാധിക്കില്ല. ആന്തൂര്‍ നഗരസഭയിലെ ഭരണനേതൃത്വം തന്നെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കേസിന്റെ അന്വേഷണത്തിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്ന രീതിയാട് യോജിക്കാനാകില്ല. ഈ സാഹചര്യത്തില്‍ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതിനും, ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ആളുകളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഉതകുന്ന തരത്തില്‍ ഒരു ഉന്നതപോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെ കൊണ്ട് ഈ കേസ് അന്വേഷിപ്പിക്കേണ്ടതാണ്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ആന്തൂര്‍ നഗരസഭ ഭാരവാഹികളുടെയും, ഉദ്യോഗസ്ഥരുടെയും ഭാഗത്തുള്ള കുറ്റകരമായ നടപടികളാണ് സാജന്റെ ആത്മഹത്യക്ക് വഴിവെച്ചത് എന്നത് വ്യക്തമാണ്.

ബെക്കളത്ത് 16 കോടി രൂപ മുടക്കി പണികഴിച്ച കണ്‍വന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണത്തില്‍ യാതൊരുവിധ അപാകതയും ഇല്ലെന്ന് ടൗണ്‍പ്ലാനിംഗ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ആന്തൂര്‍ നഗരസഭ അനുമതി നല്‍കാതെ ഫയല്‍ മനപൂര്‍വ്വം പിടിച്ചുവയ്ക്കുകയായിരുന്നെന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സാജന്റെ ഭാര്യ പോലീസിന് നല്‍കിയ മൊഴിയിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഈ സാഹചര്യത്തില്‍ പൊലീസ് അന്വേഷണം കൂടിയേ തീരു എന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Comments (0)
Add Comment