‘ആരോപണ ശരങ്ങളേറ്റിട്ടും പിന്തിരിഞ്ഞോടിയില്ല, വിഴിഞ്ഞം യാഥാർത്ഥ്യമാക്കുമെന്ന ധീരമായ തീരുമാനം എടുത്തയാള്‍’; ഉദ്ഘാടന വേദിയില്‍ ഉമ്മന്‍ ചാണ്ടിയുടെ സംഭാവന സ്മരിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Sunday, October 15, 2023

 

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ ഉദ്ഘാടന വേദിയിൽ ഇടതുമുന്നണിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആറായിരം കോടിയുടെ അഴിമതിയെന്നും കടൽക്കൊള്ളയെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ നെഞ്ചിൽ തറച്ചിട്ടും ഉമ്മൻ ചാണ്ടി തളര്‍ന്നില്ല, വിഴിഞ്ഞത്തിനായി ഉറച്ചു നിന്നു. അദ്ദേഹത്തെ സ്മരിക്കാതെ തനിക്ക് വേദി വിട്ടുപോകാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

“കേരളത്തിന്‍റെ പ്രിയങ്കരനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയതെന്ന് മറന്നുകൂടാ. ഒരുപാട് പ്രശ്നങ്ങൾ, പ്രതിസന്ധികൾ അദ്ദേഹത്തിന്‍റെ മുന്നിലുണ്ടായിരുന്നു. കടല്‍ക്കൊള്ളയാണെന്ന ആക്ഷേപം വന്നപ്പോഴും അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് 6000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് കച്ചവടമാണെന്ന ആരോപണത്തിന്‍റെ കുന്തമുന നെഞ്ചില്‍ തറച്ചപ്പോഴും പതറാതെ, പിന്തിരിഞ്ഞോടാതെ, തളര്‍ന്നു പോകാതെ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കുമെന്ന ധീരമായ തീരുമാനം എടുത്തയാളാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിയെ സ്മരിക്കാതെ എനിക്ക് ഈ വേദി വിട്ട് പോകാനാകില്ല” – പ്രതിപക്ഷ നേതാവ് പറഞ്ഞു.

വികസനത്തിന്‍റെ പേരില്‍ ഒരു പാവപ്പെട്ട മനുഷ്യന്‍റെയും കണ്ണുനീര്‍ ഈ പുറംകടലില്‍ വീഴരുത്. വികസനം എന്നത് അനിവാര്യതയാണെന്നും എന്നാല്‍ അതിന്‍റെ പേരില്‍ സാധാരണക്കാര്‍ ചേരികളിലേക്കും സിമന്‍റ് ഗോഡൗണുകളിലേക്കും വലിച്ചെറിയപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.