പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും നിലമ്പൂർ സർക്കാർ ആശുപത്രിയിലെത്തി

Jaihind News Bureau
Saturday, August 10, 2019

കവളപ്പാറയിൽ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ പോസ്റ്റ്മോർട്ടം നടക്കുന്ന നിലമ്പൂർ സർക്കാർ ആശുപത്രി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും സന്ദര്‍ശിച്ചു.  പ്രദേശത്തെ ആളുകൾ ഭയന്നു വിറഞ്ഞിരിക്കുകയാണെന്ന് അവരുമായി നേരിട്ട് സംസാരിച്ച ശേഷം നേതാക്കള്‍ പ്രതികരിച്ചു.   ഒമ്പതുപേരുടെ മൃതദേഹങ്ങളാണ് ലഭിച്ചതെന്നും  മണ്ണിനടിയിലായിപോയ നാല്‍പതിലധികം ആളുകളെ ഓർത്ത് ബന്ധുക്കൾ ഇപ്പോളും വാവിട്ടുകരയുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രണ്ട് ദിവസമായിട്ടും മൃതദേഹം പോലും ലഭിക്കാത്തതിന്‍റെ സങ്കടവും പ്രതിഷേധവും ശക്തമാണ്.

കേരളത്തെ ഏറ്റവും കൂടുതൽ നടുക്കുന്ന കാഴ്ചകൾ കണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും   കെപിസിസി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും എംഎൽഎമാരും, മറ്റു പാർട്ടിനേതാക്കളും  അഞ്ഞൂറു കിലോമീറ്ററിലധികം ദുരിതബാധിത മേഖലയിലൂടെ സഞ്ചരിച്ചത്.  ആശുപത്രിയിലേക്ക് വരുന്ന വഴി വീണ്ടും ഉരുൾപൊട്ടിയതായിട്ടുള്ള വാർത്ത എത്തി.   ഇനിയും അപകടം ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിലാണ് എല്ലാവരും.  രാഹുൽ ഗാന്ധി ഇന്ന് വയനാട് സന്ദര്‍ശിക്കും.